കേരളത്തിലെ മുസ്‌ലിം സമൂഹ വളര്‍ച്ച രൂപപ്പെട്ടത് കണ്ണൂരില്‍: സെമിനാര്‍

തളിപ്പറമ്പ്: കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ച രൂപപ്പെട്ടത് കണ്ണൂരിന്റെ ചരിത്രഭൂമികയില്‍ നിന്നാണെന്ന് പ്രശസ്ത ചരിത്രകാരന്‍ പ്രഫ. കെ കെ എന്‍ കുറുപ്പ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ ദ്വിദിന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണ്ടുകാലത്ത് വാണിജ്യ ഹബ്ബായിരുന്നു ഉത്തര മലബാര്‍. പിന്നീട് അന്താരാഷ്ട്ര വാണിജ്യത്തില്‍ബഹിഷ്‌കരിക്കപ്പെട്ടവരാണ് കണ്ണൂരുകാര്‍. ബസറയിലേക്കും അറബ് രാഷ്ട്രങ്ങളിലേക്കും കണ്ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള സ്ഥലങ്ങളില്‍നിന്ന് ശക്തമായ വാണിജ്യബന്ധം ഉണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാറില്‍ ആദ്യമായി പ്രവാചകകുടുംബം എത്തപ്പെട്ടത് കണ്ണൂരിന്റെ മണ്ണിലാണെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. വളപട്ടണത്തായിരുന്നു ഇവര്‍ ആദ്യമെത്തിയത്.
അന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരെ തങ്ങള്‍ എന്ന വിശേഷണത്തോടെയാണ് കണ്ണൂരുകാര്‍ വിളിച്ചിരുന്നത്. ആ ആദരവിന്റെ പ്രവാചക പരമ്പരയില്‍പ്പെട്ടവര്‍ക്ക് സമ്മാനിച്ചതും ഈ മണ്ണാണ്. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇവിടെ ഇസ്‌ലാം പ്രചരിച്ചിരുന്നതായി ഡോ. എം നാരായണന്‍ പറഞ്ഞു.
കണ്ണൂരിനെ പറ്റിയുള്ള എല്ലാ ചരിത്രവും സമാഹരിക്കേണ്ട കാലം അതിക്രമിച്ചതായി കഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. യു എം കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ. ഷക്കീല്‍ അഹമ്മദ്, ഡോ. മുജീബുര്‍റഹ്മാന്‍, പ്രഫ. ഇസ്മായില്‍, പ്രഫ. കെ.മുഹമ്മദ് സിറാജുദ്ദീന്‍, ഡോ. കെ എം ഖലീല്‍ ചൊവ്വ സംസാരിച്ചു.

RELATED STORIES

Share it
Top