കേരളത്തിലെ മുന്‍സിഫ് നിയമനം66 പേരുടെ പട്ടികയ്ക്ക് അംഗീകാരം

ന്യൂഡല്‍ഹി: കേരളത്തില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് (ഗ്രാമീണ കോടതി) നിയമനത്തിനായി കേരള ഹൈക്കോടതി തിരഞ്ഞെടുത്ത 66 പേരുടെ പട്ടിക സുപ്രിംകോടതി അംഗീകരിച്ചു. മുന്‍സിഫ് കോടതികള്‍ രൂപീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നു കരുതി ഈ തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പരിശീലനവും ശമ്പളവും നല്‍കിയ സാഹചര്യത്തില്‍ നിയമനം റദ്ദാക്കുന്നില്ലെന്ന് ജഡ്ജിമാരായ അരുണ്‍മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി.
പരിശീലനം പൂര്‍ത്തിയാക്കിയ 66 പേര്‍ക്കും നിയമനം നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ ആവശ്യമാണ് അംഗീകരിച്ചത്. നേരത്തെ കേസ് പരിഗണിക്കവെ ഹൈക്കോടതിയുടെ നടപടികളെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇല്ലാത്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഉദ്യോഗാര്‍ഥികളെ ബലിയാടാക്കുകയാണെന്ന് സുപ്രിംകോടതി അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും രണ്ടംഗ ബെഞ്ച് 66 പേരുടെയും നിയമനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
നീതി നിര്‍വഹണത്തിന്റെ നടത്തിപ്പുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമീണകോടതികള്‍ (മുന്‍സിഫ് മജിസ്‌ട്രേറ്റ്) രൂപീകരിക്കാന്‍ 2013ല്‍ കേന്ദ്ര നിയമ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.
കെട്ടിക്കിടക്കുന്ന കേസുകള്‍ കാലതാമസം കൂടാതെ ഒത്തുതീര്‍പ്പാക്കുക എന്നതാണ് ഗ്രാമീണ കോടതികളുടെ പ്രധാന ലക്ഷ്യം.
ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരവും ഗ്രാമീണ കോടതികള്‍ക്കു നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമ ന്യായാലയാസ് ആക്റ്റ് 2008 അനുസരിച്ച് കേരളത്തിലും ഇവ സ്ഥാപിക്കാന്‍ തീരുമാനിക്കുകയുണ്ടായി.
ആദ്യഘട്ടമെന്ന നിലയില്‍ 38 മുന്‍സിഫ് മജിസ്‌ട്രേറ്റുകള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ആവശ്യത്തിലും അധികമായ, 68 തസ്തികകള്‍ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് അവര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസാണ് സുപ്രിംകോടതി ഇപ്പോള്‍ തീര്‍പ്പാക്കിയത്.

RELATED STORIES

Share it
Top