കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത് ജനങ്ങളാണെന്ന് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

മാള: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത് ജനങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. മാള സര്‍ക്കാര്‍ മോഡല്‍ എല്‍പിസ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി രണ്ടായിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നതോടെ പൂര്‍ത്തീകരിക്കും. അക്കാദമിക് നിലാവാരം ഉയര്‍ത്താനാണ് ഹൈടെക് ആക്കുന്നത്. വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസമാണ് നടപ്പാക്കുന്നത്. ഓരോ കുട്ടികളുടേയും സര്‍ഗ സാധ്യതകളെ വികസിപ്പിക്കുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാലയത്തിന് മാത്രമല്ല ഓരോ വിദ്യാര്‍ഥിക്കും മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.
മാള മോഡല്‍ എല്‍ പി സ്‌കൂളിനെ അടുത്ത വര്‍ഷം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. ഇതിനായുള്ള മാസ്റ്റര്‍ പ്ലാനനുസരിച്ചുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കും. മൂലധന വിദ്യാഭ്യാസം, കോര്‍പ്പറേറ്റ് വിദ്യഭ്യാസം, കൊളോണിയല്‍ വിദ്യഭ്യാസവുമാണ് പണ്ടുണ്ടായിരുന്നത്. പിന്നീട് കച്ചവടവും വര്‍ഗീയതയും മൂലം വിദ്യഭ്യാസ രംഗം കമ്പോളവല്‍കരിക്കപ്പെട്ടു. അതിനാലാണ് ഈ സര്‍ക്കാര്‍ വിദ്യഭ്യാസ രംഗത്തെ രക്ഷിക്കാനായി നടപടികള്‍ സ്വീകരിച്ചുവരൂന്നത്. ജനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രംഗമായി വിദ്യഭ്യാസ രംഗം മാറും.
എഴുത്താരംഭിച്ചപ്പോള്‍ ആദ്യം മണ്ണിലും തുടര്‍ന്ന് സ്ലെയ്റ്റിലും പിന്നീട് ബുക്കില്‍ പെന്‍സില്‍ കൊണ്ടും പേന കൊണ്ടുമായി. ഒടുവിലിപ്പോള്‍ ആ സ്ഥാനം കംപ്യൂട്ടറിനായി. ലോകത്തെ ഏറ്റവും ശാസ്ത്രീയമായ വിദ്യഭ്യാസം എവിടെയാണെന്ന് ചോദിച്ചാല്‍ കേരളത്തിലാണെന്ന മറുപടി പറയാനാകുന്ന തരത്തില്‍ വിദ്യഭ്യാസ രംഗത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അക്കാദമിക മികവാണ് വിദ്യാലയത്തിന്റെ മികവ്. ജനങ്ങളുടെ പിന്തുണയോടെ ഈ തലത്തിലേക്ക് കേരളത്തിലെ വിദ്യഭ്യാസ രംഗത്തെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top