കേരളത്തിലെ ഇഎസ്‌ഐകളില്‍ മോശം സേവനവും അധിക ചെലവും

സുധീര്‍  കെ  ചന്ദനത്തോപ്പ്

കൊല്ലം: കേരളത്തിലെ ഇഎസ്‌ഐ ആശുപത്രികള്‍ വളരെ മോശം സേവനമാണു കാഴ്ചവയ്ക്കുന്നതെന്നു ബംഗളൂരുവി ല്‍ ഇഎസ്‌ഐസി ഡയറക്ടര്‍ ജനറലിന്റെ അധ്യക്ഷതയില്‍ ചേ ര്‍ന്ന യോഗത്തില്‍ വിലയിരുത്തല്‍. സ്‌പെഷ്യലിസ്റ്റുകള്‍ ധാരാളമുണ്ടായിട്ടും എം പാനല്‍ഡ് സെന്ററുകളിലേക്ക് ഇഎസ്‌ഐ ഗുണഭോക്താക്കളെ റഫര്‍ ചെയ്യുന്നതു കാരണം ഏറ്റവും കൂടുതല്‍ ചെലവു വരുത്തിയ സംസ്ഥാനം കേരളമാണെന്നാണു ഡയറക്ടര്‍ ജനറലിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു ഉപസമിതിയെ നിയോഗിക്കാനും തീരുമാനമായി. നിലവില്‍ 31 സ്വകാര്യ ആശുപത്രികളുമായാണു സ്‌പെഷ്യാലിറ്റി ചികില്‍സയ്ക്കായി എം പാനല്‍ഡ് ചെയ്തു കരാറുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 1.69 കോടി രൂപയാണ് ഈ ആശുപത്രികള്‍ക്കായി ഇഎസ്‌ഐ കോര്‍പറേഷന്‍ നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എം പാനല്‍ഡ് ചെയ്യാത്ത സ്വകാര്യ ആശുപത്രികളിലേക്കു രോഗികളെ റഫര്‍ ചെയ്യുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഉത്തരവിറക്കി. ഇനി മുതല്‍ എം പാനല്‍ഡ് ചെയ്തിട്ടില്ലാത്ത ആശുപത്രികളിലേക്കു രോഗികളെ റഫര്‍ ചെയ്താല്‍ ഇതിന്റെ ചെലവ് റഫര്‍ ചെയ്യുന്ന ഡോക്ടറുടെ ബാധ്യതയായി കണക്കാക്കുമെന്നാണ് ഉത്തരവിലുള്ളത്.
കൂടാതെ എം പാനല്‍ഡ് ചെയ്ത ആശുപത്രികളിലേക്കു രോഗികളെ റഫര്‍ ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇഎസ്‌ഐ ആശുപത്രികളില്‍ ചെയ്യാന്‍ പറ്റുന്ന ശസ്ത്രക്രിയകളൊന്നും എം പാനല്‍ഡ് സെ ന്ററുകളിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. മാസംതോറും റഫര്‍ ചെയ്യുന്ന സ്‌പെഷ്യാലിറ്റി കെയറിന്റെ അവലോകന റിപോര്‍ട്ട് ആശുപത്രി സൂപ്രണ്ടുമാര്‍ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. മേജര്‍ സര്‍ജറി നടത്താനാവശ്യമായ പ്രാഥമിക ഉപകരണങ്ങളും സ്‌പെഷ്യലിസ്റ്റുകളും ഇതര ജീവനക്കാരുമുള്ള എല്ലാ ആശുപത്രികളും ശസ്ത്രക്രിയ നടത്തണം. ഉപകരണങ്ങളുടെ അഭാവമുള്ള ആശുപത്രികളില്‍ സൂപ്രണ്ടുമാര്‍ ഈ മാസം തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കണം.അതേസമയം, ഇഎസ്‌ഐ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും മരുന്നുക്ഷാമം രൂക്ഷമാണ്. 2017-18 വര്‍ഷത്തെ ആദ്യ പകുതിയിലേക്കായി നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറുകള്‍ പ്രകാരം വളരെ കുറച്ചു കമ്പനികള്‍ മാത്രമാണു മരുന്നുകള്‍ നല്‍കിയിട്ടുള്ളത്. പൊതുമേഖലാ മരുന്നു കമ്പനികളില്‍ നിന്ന് ആവശ്യത്തിന് മരുന്നു ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നോണ്‍ സപ്ലൈ മരുന്നുകളും മറ്റ് ഉപകരണങ്ങളും കെഎംഎസ്‌സിഎല്‍ വഴി വാങ്ങാനുള്ള നടപടി ആരംഭിച്ചു.
കൂടാതെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായി അടിയന്തര സ്വഭാവമുള്ള മരുന്നുകളും ഉപകരണങ്ങളും സാമ്പത്തികാധികാര പരിധിയും നിബന്ധനകളും പാലിച്ച് ലോക്കല്‍ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള അനുമതി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടറുടെ ഓഫിസ് നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top