കേരളത്തിലും പശുഭീകരത; ഇറച്ചിവ്യാപാരികള്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം

കൊട്ടാരക്കര (കൊല്ലം): പശുവിന്റെ പേരില്‍ കൊട്ടാരക്കരയില്‍ ഇറച്ചിവ്യാപാരികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വ്യാപാരികളെ മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെ കൊട്ടാരക്കര പോലിസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ ലൈസന്‍സിയും പബ്ലിക് മാര്‍ക്കറ്റിലെ ഇറച്ചി വ്യാപാരിയുമായ മുസ്‌ലിം സ്ട്രീറ്റ് മുസ്‌ല്യാര്‍ മന്‍സിലില്‍ ജലാലുദ്ദീന്‍, ബന്ധു ജലീല്‍, ഡ്രൈവര്‍ സാബു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിന് സമീപത്തായിരുന്നു സംഭവം.
വെച്ചൂച്ചിറയില്‍ നിന്നു മാര്‍ക്കറ്റിലേക്ക് ഇറച്ചി വില്‍പനയ്ക്കായി കന്നുകാലികളെ എത്തിക്കുന്ന വാഹനത്തെ പിന്തുടര്‍ന്നെത്തിയ വിഷ്ണുവും ഗോപകുമാറും പശുവിനെ കടത്തുകയാണെന്നാരോപിച്ച് വാഹനം തടഞ്ഞുനിര്‍ത്തി ജലാലുദ്ദീനെയും സാബുവിനെയും ആക്രമിക്കുകയുമായിരുന്നു.
കന്നുകാലികളെയല്ല നിന്നെയൊക്കെയാണ് കൊല്ലേണ്ടതെന്ന് ആക്രോശിച്ച് ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു. സംഭവം കണ്ട് തടയാന്‍ ശ്രമിച്ച ജലീലിന്റെ വലത് കൈത്തണ്ട അടിച്ചൊടിക്കുകയും ചെയ്തു. ഗോരക്ഷകരെന്ന് സ്വയം വിളിച്ചുപറഞ്ഞാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന്് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലിസെത്തും മുമ്പേ ഇരുവരെയും കടത്തുകയായിരുന്നു. തുടര്‍ന്ന് പോലിസെത്തി പ്രതികളുടെ വാഹനം കസ്റ്റഡിയിലെടുത്തു. വൈകീട്ട് മൂന്നോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍  പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരെ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എ കെ ശരീഫ്, ജില്ലാ സെക്രട്ടറി ഷമീര്‍ ഭരണിക്കാവ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി, സെക്രട്ടറി ഷഫീഖ് തേവലക്കര തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട്, എല്‍ഡിഎഫ് കൊട്ടാരക്കരയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

RELATED STORIES

Share it
Top