കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍; മരുന്നിട്ട് കൊടുത്ത് പോലിസ്ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും ആള്‍ക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വര്‍ദ്ധിക്കുന്നു. സംസ്ഥാന സര്‍ക്കാരും പോലിസും ശക്തമായ നടപടി സ്വീകരിക്കാത്തതാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുന്നത്. ഉത്തരേന്ത്യയിലേതിന് സമാനമായിരുന്നു കേരളത്തില്‍ അവസാനം നടന്ന ആള്‍ക്കൂട്ട കൊലപാതകം. കോഴിയെ മോഷ്ടിച്ചെന്ന് പറഞ്ഞാണ് പെരുമ്പാവൂരില്‍ ബംഗാളിയെ അടിച്ചു കൊന്നത്. കോഴിയെ വില കൊടുത്ത് വാങ്ങിയതാണെന്ന് പറഞ്ഞെങ്കിലും ബാംഗാളിയെ വെറുതെ വിടാന്‍ അക്രമികള്‍ തയ്യാറായില്ല. നിഷ്ഠൂരമായ കൊല നടന്നിട്ടും ദിവസങ്ങള്‍ കഴിഞ്ഞാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. മാധ്യമങ്ങളിലും അതൊരു പ്രധാന വാര്‍ത്തയായില്ല.
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ടത് ബംഗാളിയാണെങ്കില്‍ അട്ടാപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെയാണ് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. അതിന് ശേഷവും നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കേരളത്തില്‍ അരങ്ങേറി. എറണാകുളം പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ മുജാഹിദ് പ്രവര്‍ത്തകരെ ആര്‍എസ്എസ്സുകാര്‍ വളഞ്ഞിട്ടു തല്ലിയത് മാസങ്ങള്‍ക്ക് മുമ്പാണ്. അക്രമികള്‍ തന്നെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ആളെ കൂട്ടിയായിരുന്നു മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം. സംഭവം വിവാദമായപ്പോള്‍ ആര്‍എസ്എസ്സിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ആര്‍എസ്എസ്സിന് ആരും മരുന്നിട്ട് കൊടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലും സമാനമായ സംഭവം അരങ്ങേറി. കൊടുങ്ങല്ലൂരില്‍ കൃസ്ത്യന്‍ മിഷനറിമാരെയാണ് ആര്‍എസ്എസ്സുകാര്‍ മര്‍ദിച്ചത്. 'ഇത് ഹിന്ദുരാഷ്ട്രമാണ്, കൃസ്ത്യാനികള്‍ ഇവിടെ മതപ്രചരണം നടത്തേണ്ട' എന്ന പറഞ്ഞായിരുന്നു ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ മിഷനറിമാരെ ആക്രമിച്ചത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

[caption id="attachment_400985" align="alignnone" width="250"] ഗോപി കൊടുങ്ങല്ലൂര്‍[/caption]

ഗോപി കൊടുങ്ങല്ലൂര്‍ എന്ന ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകനാണ് പാസ്റ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നത്. ഇവരുടെ കൈവശമുള്ള നോട്ടീസും ലഘുലേഖകളും പിടിച്ചുവാങ്ങിയ ഇയാള്‍ ഇവ നിര്‍ബന്ധിച്ചു കീറിക്കളയിക്കുകയും ചെയ്യുന്നുണ്ട്. ഈ ഏരിയയില്‍ നിങ്ങള്‍ വരേണ്ട കാര്യമില്ലെന്നും ഇത് ഹിന്ദുക്കള്‍ മാത്രം താമസിക്കുന്ന പ്രദേശമാണെന്നും ഇവര്‍ പറയുന്നു. മിഷനറിമാരെ അക്രമിക്കുന്ന വീഡിയോ അടക്കമുള്ള തെളിവുകള്‍ ലഭിച്ചിട്ടും ഗോപി കൊടുങ്ങല്ലൂര്‍ അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല. പ്രതികള്‍ ഒളിവിലാണെന്നായിരുന്നു പോലിസ് ന്യായം. എന്നാല്‍ സംഭവത്തിന് ശേഷവും മുഖ്യപ്രതി ഗോപി കൊടുങ്ങല്ലൂര്‍ ഫേസ് ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ അക്രമത്തെ ന്യായീകരിച്ച് നിരവധി പോസ്റ്റുകള്‍ ഇട്ടിരുന്നു.
ആഴ്ച്ചകള്‍ക്ക് മുമ്പ് കൊട്ടാരക്കരയിലും സമാനമായ ആള്‍ക്കൂട്ട ആക്രമണം നടന്നു. ഇറച്ചി വ്യാപാരികള്‍ക്ക് നേരെയാരിന്നു ആര്‍എസ്എസ് ആക്രമണം. പബ്ലിക് മാര്‍ക്കറ്റിലെ ഇറച്ചി കച്ചവടക്കാരായ ജലാലുദ്ദീന്‍, ബന്ധു ജലീല്‍, ഡ്രൈവര്‍ സാബു എന്നിവരേയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് കനത്ത മഴയില്‍ റോഡിലെ വെള്ളത്തിലൂടെ സഞ്ചരിച്ച വിവാഹ സംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ഉയരുകയും ചെയ്തപ്പോള്‍ മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായത്. ജൂലൈ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിവാഹം കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങുകയായിരുന്ന കാറിന് നേരെ ഒരു സംഘം ആള്‍ക്കാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊന്‍കുന്നം റോഡിലെ കടയത്തു വച്ചായിരുന്നു ആക്രമണം. വാഹനം തടയുകയും ബോണറ്റില്‍ അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിലേക്ക് വെള്ളം കോരിയൊഴിക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമങ്ങള്‍ പതിവായിട്ടും ശക്തമായ നടപടിയെടുക്കാന്‍ പോലിസ് തയ്യാറാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഘ് പരിവാര്‍ നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കേസെടുത്തത്. കൊടുങ്ങല്ലൂരില്‍ മിഷനറിമാരെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. അക്രമികളെ കയറൂരി വിടുന്ന പോലിസ് നിലപാടാണ് ആള്‍ക്കൂട്ട ആക്രമങ്ങണങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത്.

RELATED STORIES

Share it
Top