കേരളത്തിന് സര്‍വതലസ്പര്‍ശിയായ വികസനം വേണം: കോടിയേരിദമ്മാം: സാമൂഹ്യനീതിയില്‍ അധിഷ്ടിതവും സര്‍വതലസ്പര്‍ശിയും ജനകീയവുമായ വികസന പ്രവര്‍ത്തനങ്ങളുമായാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യ നവോദയ സാംസ്‌കാരികവേദി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സൗഹൃദവും ജനകീയവുമായിരിക്കണം വികസന പ്രവര്‍ത്തനങ്ങള്‍. അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ മുഴുവന്‍ ഭവന രഹിതര്‍ക്കും വീട് നല്‍കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി ഇതിനകം ഒന്നേകാല്‍ ലക്ഷത്തോളം വീടുകളുടെ പണി പൂര്‍ത്തിയാവുന്നു. സര്‍ക്കാരിന്റെ ജനകീയ ആരോഗ്യ പദ്ധതികള്‍ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ മോചിപ്പിച്ചു. പൊതു വിദ്യാഭ്യാസ രംഗത്ത് നടന്ന വിപ്ലവകരമായ നേട്ടങ്ങള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും ലാഭത്തിലാക്കാനും കഴിഞ്ഞു. പരിഷ്‌കൃത സമൂഹത്തില്‍ അംഗീകരിക്കാനാവാത്ത നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കാന്‍ സാധിച്ചു. ഹര്‍ത്താലില്‍ നിന്നും വിദേശ ടൂറിസ്റ്റുകളെ ഒഴിവാക്കാനെടുത്ത തീരുമാനം ടൂറിസം മേഖലയെ സജീവമാക്കി. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ട നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിലൂടെ കൂടുതല്‍ വ്യവസായങ്ങള്‍ തുടങ്ങാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കണം. പ്രവാസി വിഷയങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞതിന്റെ തെളിവാണ് ഷാര്‍ജ ജയിലില്‍ കഴിഞ്ഞ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാന്‍ സാധിച്ചത്. പ്രവാസി ക്ഷേമ പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കക്ഷി രാഷ്ട്രീയഭേദമന്യേ കേരളീയ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. എന്നാല്‍ സങ്കുചിത രാഷ്ട്രീയ മത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയ മതമൗലിക ശക്തികള്‍ നുണ പ്രചാരണങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാജ്യത്ത് മതത്തിന്റെ പേരില്‍ ഭ്രാന്ത് പടര്‍ത്തുകയാണ്. ഇതിനെതിരേ മുഴുവന്‍ മതേതര, ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവോദയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പവനന്‍ മൂലക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എം നയീം, രക്ഷാധികാരി ഇ എം കബീര്‍, പ്രവാസി ക്ഷേമനിധി ഡയരക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു. ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രവാസികളെ ആദരിച്ചു. നാസ് വക്കം (ജീവകാരുണ്യം), ഇ കെ മുഹമ്മദ് ഷാഫി (വിദ്യാഭ്യാസം), അഹമ്മദ് പുളിക്കല്‍ (ആരോഗ്യം), ഡോ. സിദ്ദീഖ് അഹമ്മദ് (വ്യവസായം), ഹനീഫ മൂവാറ്റുപുഴ (സാമൂഹ്യ ക്ഷേമം) എന്നിവര്‍ക്കുള്ള ഉപഹാരം കോടിയേരി സമ്മാനിച്ചു. സാംസ്‌കാരിക പ്രദര്‍ശനത്തിന്റെ പവലിയന്‍ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദും ഭക്ഷ്യമേള കുടുംബവേദി വൈസ് പ്രസിഡന്റ് ഷിജി ജയകൃഷ്ണനും ഓപ്പണ്‍ കാന്‍വാസ് ചിത്രരചന വനിതാ കണ്‍വീനര്‍ ഷാഹിദ ഷാനവാസും ഫുട്‌ബോള്‍ മത്സരം ദാറുല്‍ ഷിഫ ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അഫ്‌നാസും ഉദ്ഘാടനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് നടന്ന അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സ് ഫുട്‌ബോള്‍ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി. നവോദയ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

RELATED STORIES

Share it
Top