കേരളത്തിന് ലാന്റ് മാര്‍ക്കിന്റെ 6 കോടി രൂപയുടെ സഹായം

ദുബയ്: ഗള്‍ഫിലെയും ഇന്ത്യയിലേയും പ്രമുഖ വ്യാപാര സ്ഥാപനമായ ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് പ്രളയ ദുരന്തത്തില്‍ അതിജീവനം നടത്തുന്ന കേരളത്തിന് 6 കോടി രൂപക്ക് തുല്യമായി 30 ലക്ഷം ദിര്‍ഹം സഹായം നല്‍കുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 3 കോടി രൂപ നേരിട്ട്് ഇന്ത്യയിലെ സന്നദ്ധ സംഘടകള്‍ വഴിയും 3 കോടി രൂപക്ക് തുല്യമായ അവശ്യ സാധനങ്ങള്‍ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി വഴിയും ആയിരിക്കും കേരളത്തിലെത്തിക്കുക. ലാന്റ് മാര്‍ക്ക് ഗ്രൂപ്പിന്റെ വ്യാപാര സ്ഥാപനങ്ങളായ ബേബിഷോപ്പ്, മാക്‌സ്, ലൈഫ്‌സ്റ്റൈല്‍, ഹോംസെന്റര്‍, സ്പ്ലാഷ്, ഷൂമാര്‍ട്ട് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തുന്ന പ്രമുഖ ബ്രാന്റുകളുടെ പുതപ്പുകളും പാദരക്ഷകളും സ്ത്രീകളുടെയും കുട്ടികളുടേയും വസ്ത്രങ്ങളടക്കമുള്ള അവശ്യ സാധനങ്ങളായിരിക്കും ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്തിക്കുക. കഷ്ടത അനുഭവിക്കുന്ന മലയാളികളെ സഹായിക്കാന്‍ തയ്യാറായ യു.എഇ റെഡ് ക്രസന്റിനോടും ഇന്ത്യയിലെ സന്നദ്ധ സംഘടനകളോടും അതിയായ നന്ദി രേഖപ്പെടുത്തുന്നതായി ലാന്റ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണും സിഇഒ മായ രേണുക ജെഗിതിയാനി വ്യക്തമാക്കി. ലാന്റ്മാര്‍ക്ക് ഗ്രൂപ്പ് കേരളത്തില്‍ നേരെത്തെ തന്നെ 30,000 യൂണിറ്റ് ഭക്ഷ്യ വസ്തുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വിതരണം നടത്തിയിരുന്നു. കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുക എന്നത് തങ്ങളുടെ സാമൂഹിക ബാധ്യതയായിട്ടാണ് കരുതുന്നതെന്നും രേണുക വ്യക്തമാക്കി. ബഹ്‌റൈനില്‍ 1973 മുതല്‍ തുടക്കം കുറിച്ച ലാന്റ്മാര്‍ക്ക് ഗ്രൂപ്പില്‍ നിലവില്‍ വിവിധ രാജ്യങ്ങളിലായി 2300 ഷോപ്പുകളിലായി 55,000 പേരാണ് ജോലി നോക്കുന്നത്.

RELATED STORIES

Share it
Top