കേരളത്തിന് ബാറ്റിങ് തകര്‍ച്ചസൂറത്ത്: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടറിലെത്തിയ കേരള ടീമിന്റെ സെമി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് വിദര്‍ഭയുടെ ബൗളിങ് പ്രകടനം. 176 എന്ന നിറം മങ്ങിയ ഒന്നാം ഇന്നിങ്‌സ് ടോട്ടലിലേക്ക് കൂപ്പുകുത്തിയ കേരളത്തിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്ക് മികച്ച തുടക്കവും ലഭിച്ചു. നാഗ്പൂരുകാരന്‍ രജ്‌നീഷ് ഗുര്‍ബാനിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് കേരളത്തെ ദയനീയ ടോട്ടലിലേക്ക് നയിക്കാന്‍ നിര്‍ണായകമായത്. മൂന്നാം ദിനമവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 77 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിദര്‍ഭയ്ക്ക് 147 റണ്‍സിന്റെ ലീഡുണ്ട്.  മധ്യനിര ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതാണ് കേരളത്തിന്റെ സ്‌കോര്‍ രണ്ടക്കം കടത്താന്‍ സഹായിച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്‌സേനയും(40) സഞ്ജു സാംസണും(32) ക്യാപ്റ്റന്‍ സച്ചിന്‍ബേബിയും(29) രോഹന്‍പ്രേമും(29) അരുണ്‍ കാര്‍ത്തികും(21) മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. 70 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച വിദര്‍ഭയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 77 എന്നനിലയിലാണ് വിദര്‍ഭ. അര്‍ദ്ധ സെഞ്ച്വറി നേടിയ വിദര്‍ഭ നായകന്‍ ഫായിസ് ഫസലും (51*) എട്ടു റണ്‍സുമായി അക്ഷയ് വഖാറെയുമാണ് ക്രീസില്‍. 14 റണ്‍സെടുത്ത സഞ്ജയ് രാമസ്വാമിയുടെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് നഷ്ടമാണ്. സക്‌സേനയ്ക്കാണ് ഏക വിക്കറ്റ്.

RELATED STORIES

Share it
Top