കേരളത്തിന് പരമാവധി സഹായം നല്‍കും: കേന്ദ്രസംഘം

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് പ്രളയക്കെടുതി വിലയിരുത്താനായെത്തിയ ഇന്റര്‍ മിനിസ്റ്റീരിയല്‍ കേന്ദ്രസംഘം. 100 വര്‍ഷത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രളയമാണിത്. നല്‍കാവുന്നതില്‍ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നല്‍കും.
നീതി ആയോഗ് അഡൈ്വസര്‍ ഡോ. യോഗേഷ് ഷൂരി, അഭിലാഷ് മിശ്ര, കുടിവെള്ള വിതരണ-സാനിറ്റേഷന്‍ മന്ത്രാലയം അഡീഷനല്‍ അഡൈ്വസര്‍ ഡോ. ദിനേഷ്ചന്ദ്, റോഡ് ഗതാഗതം-ഹൈവേ തിരുവനന്തപുരം റീജ്യനല്‍ ഓഫിസര്‍ വി വി ശാസ്ത്രി എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ കേന്ദ്രസംഘം സന്ദര്‍ശനം ആരംഭിച്ചു.
ധനകാര്യമന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂര്‍, ജലവിഭവമന്ത്രാലയം റിസോഴ്സ് കമ്മീഷണര്‍ ടി എസ് മെഹ്റ, ദേശീയ ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സംഗ്‌വി എന്നിവരുടെ നേതൃത്വത്തിലാണു സന്ദര്‍ശനം. ഇടുക്കി ജില്ലയില്‍ വ്യാപകമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരന്തത്തിന്റെ വ്യാപ്തി സംഘം വിലയിരുത്തി.
കലക്ടറേറ്റില്‍ ജില്ലാ കലക്ടറും വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫിസര്‍മാരുമായി പ്രാഥമിക ചര്‍ച്ചകള്‍ക്കും ജില്ലയില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ അടക്കമുള്ള റിപോര്‍ട്ടുകള്‍ വിലയിരുത്തിയതിനും ശേഷമാണ് സന്ദര്‍ശനം ആരംഭിച്ചത്. 11 അംഗ കേന്ദ്രസംഘത്തിന്റെ ടീം ലീഡറായ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മയും ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ വി ധര്‍മ റെഡ്ഡിയുമടങ്ങുന്ന ടീം ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തൃശൂര്‍ ജില്ലയില്‍ 2,014 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് ജില്ലാ കലക്ടര്‍ ടി വി അനുപമ പ്രളയക്കെടുതി വിലയിരുത്താന്‍ എത്തിയ കേന്ദ്രസംഘത്തോട് വിശദീകരിച്ചു.
കൃഷിവകുപ്പിന് 160.036 കോടി രൂപയുടെയും പൊതുമരാമത്ത് റോഡ്-ഗതാഗത വകുപ്പിനു കീഴില്‍ 352.72 കോടി രൂപയുടെയും ഊര്‍ജമേഖലയില്‍ 82 കോടിയുടെയും തൊഴില്‍നഷ്ട ഇനത്തില്‍ 400 കോടി രൂപയുടെയും നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ജില്ലാ കലക്ടര്‍ കേന്ദ്രസംഘാംഗങ്ങളെ ചാലക്കുടിയില്‍ നടന്ന അവലോകനയോഗത്തില്‍ അറിയിച്ചു.

RELATED STORIES

Share it
Top