കേരളത്തിന് നിയമപാലകര്‍ വേണോ?

എനിക്ക് തോന്നുന്നത് - കെ  പി  അബൂബക്കര്‍,  മുത്തനൂര്‍
രാഷ്ട്രീയ നേതാക്കളായ രണ്ടു കുഞ്ഞന്‍മാരെ (കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും) പിടിച്ച് കുഞ്ഞുമാണി പ്രകടിപ്പിച്ച രാഷ്ട്രീയ അഭ്യാസവും നിപായുടെയും കാലവര്‍ഷത്തിന്റെയും താണ്ഡവവുമൊക്കെയായി മാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുന്നതിനിടയിലും സംസ്ഥാനത്തെ പോലിസ് സേനയുടെ കെടുകാര്യസ്ഥത ജനമനസ്സുകളില്‍ തങ്ങിനില്‍പ്പുണ്ട്. വിനായകന്‍, മധു, ശ്രീജിത്ത്, കെവിന്‍ തുടങ്ങി ഏതാനും പേരുടെ മരണത്തോടെ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന് ഏറ്റ കളങ്കം ചെറുതല്ല. സിപിഎം സംസ്ഥാന സെക്രട്ടറിപദം കൈയാളിയിരുന്ന പിണറായി വിജയനല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയനെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഒരുകാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ മാത്രം നടന്നതായി കേട്ടുകേള്‍വി ഉണ്ടായിരുന്നതും അടുത്തകാലത്തായി കേരളത്തിലേക്കു വ്യാപിച്ചുതുടങ്ങിയതുമായ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിന്‍. ഇത് അവസാനത്തേതാവാന്‍ ഇടയില്ല. പ്രണയിച്ചു വിവാഹം ചെയ്ത കുറ്റത്തിനാണ് ഭാര്യയുടെ സഹോദരനടക്കമുള്ള സംഘം കെവിനെ കൊലപ്പെടുത്തിയത്. ഒരേ മതമായിരുന്നിട്ടും കുടുംബത്തിന്റെ ദലിത് പശ്ചാത്തലമാണ് കെവിനു വിനയായത്. ജാതിയും സാമ്പത്തികവുമായ അസമത്വം പുരോഗമനകാരികള്‍ നിറഞ്ഞ സംസ്ഥാനത്ത് ഇന്നും കൊടികുത്തിവാഴുന്നുണ്ടെന്നതിന് മതിയായ തെളിവാണ് കെവിന്റെ കൊലപാതകം. ജാതിയുടെ പേരില്‍ ഇതിനു മുമ്പും നിരവധി അക്രമങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ജാതിയുടെ പേരിലുള്ള അതിക്രമങ്ങളൊന്നും നടക്കില്ലെന്നുള്ള മിഥ്യാഭിമാനത്തില്‍ തലചായ്ച്ചു കിടന്നുറങ്ങുന്ന പൊതുബോധത്തിനു കനത്ത പ്രഹരമാണ് ഇത്തരം സംഭവങ്ങള്‍ ഏല്‍പിക്കുന്നത്, തീര്‍ച്ച.സമൂഹത്തിലെ വലിയൊരുവിഭാഗം ആളുകള്‍ വര്‍ഗീയതയുടെ ഹിംസാത്മക ചിത്തഭ്രമത്തിലേക്ക് ഒഴുകിപ്പോവുമ്പോള്‍ അതിനു തടയിടേണ്ടത് നിയമപാലകര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന പോലിസ് സേനയാണ്. എന്നാല്‍, കുറുന്തോട്ടിക്ക് വാതം പിടിച്ചതുപോലെ ഇവിടെ നടക്കുന്ന പല കുറ്റകൃത്യങ്ങളിലും അത് നടത്തുന്നവരുടെ അത്ര തന്നെ പങ്ക് പോലിസിനുമുണ്ട് എന്നതാണ് ഇന്നത്തെ അവസ്ഥ. ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ കൊലയില്‍ പോലിസിന് അല്ലാതെ മറ്റാര്‍ക്കും പങ്കില്ല. എന്നാല്‍, അതിലേറെ ദയനീയമായിരുന്നു കെവിന്റെ കൊല. സ്റ്റേഷനില്‍ നിന്ന് പോലിസ് ഒന്നു പുറത്തിറങ്ങിയിരുന്നെങ്കില്‍ കെവിന്‍ കൊല്ലപ്പെടുമായിരുന്നില്ലെന്ന് മാലോകരെല്ലാം സമ്മതിക്കുന്ന കാര്യമാണ്. ചെയ്തില്ലെന്നു മാത്രമല്ല, കെവിന്റെ ജീവനെടുക്കാന്‍ ഗുണ്ടാസംഘത്തിന് ആവശ്യത്തിലധികം സമയം നല്‍കുകയാണ് പോലിസ് ചെയ്തത്. മുഖ്യമന്ത്രിക്ക് അകമ്പടിപോയ ന്യായം പറഞ്ഞതിനു പുറമേ പ്രതികളുടെ രാഷ്ട്രീയബന്ധങ്ങളും പോലിസിന്റെ ഒഴിഞ്ഞുമാറലിന് കാരണമായി പറഞ്ഞുകേള്‍ക്കുന്നു. വിഐപികള്‍ക്കും വിവിഐപികള്‍ക്കുമൊക്കെ അകമ്പടി ഒരുക്കേണ്ട സന്ദര്‍ഭങ്ങളില്‍ സാധാരണക്കാരുടെ സുരക്ഷ പോലിസിന് അവഗണിക്കാവുന്നതല്ല. പോലിസ് മന്ത്രിമാര്‍ക്കു മുമ്പിലും പിമ്പിലും കൂകിപ്പായാനുള്ളതല്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് ഹാനിവരുന്നതിനു കാരണം പൗരന്‍മാരുടെ സുരക്ഷ അപകടത്തിലാവുമ്പോഴാണ്. സാധാരണക്കാരെ കീടങ്ങളായി പരിഗണിച്ച് കൊലയ്ക്കു കൊടുക്കുന്ന പോലിസ് നാടിന് അപമാനമാണ്. ഏതാനും മാസങ്ങളായി സംസ്ഥാന പോലിസ് ഇതുപോലുള്ള നിരവധി ദാരുണ മരണങ്ങളില്‍ പ്രതിക്കൂട്ടിലാണ്. ക്രൂരമായ പോലിസ് അതിക്രമങ്ങളുടെ പരമ്പര തന്നെ ഇവിടെ അരങ്ങേറുന്നു. കേസുകളില്‍ പക്ഷപാതപരമായ സമീപനം പോലിസ് സേനയുടെ കൂടപ്പിറപ്പാണ്. ഇതിനൊക്കെ സമൂലമായ മാറ്റം വരുന്നില്ലെങ്കില്‍ കേരളത്തിന് നിയമപാലകര്‍ വേണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുകയില്ല.

RELATED STORIES

Share it
Top