കേരളത്തിന് ആവശ്യം പ്രകൃതിദുരന്തം നേരിടാന്‍ കഴിയുന്ന പുനര്‍നിര്‍മാണം

കൊച്ചി: ഭാവി പ്രകൃതിദുരന്തങ്ങളെ വരെ നേരിടാന്‍ കഴിയുന്ന പുനര്‍നിര്‍മാണമാണ് കേരളത്തില്‍ വേണ്ടതെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കി. പ്രളയം സംബന്ധിച്ച് കേസുകളുടെ നടപടികളില്‍ സഹായിക്കാന്‍ നിയമിച്ച അമിക്കസ് ക്യൂറിയായ അഡ്വ. ജേക്കബ് പി അലക്‌സാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യവും തൊഴിലാളികളുടെ കൂലിയും നിര്‍മാണ സാമഗ്രികളുടെ വിലയും കണക്കിലെടുത്താല്‍ പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കിയാല്‍ പോരെന്നും 26 പേജുള്ള റിപോര്‍ട്ട് പറയുന്നു.
പ്രളയബാധിത പ്രദേശങ്ങളായ പറവൂര്‍, ഇടുക്കി, ചെങ്ങന്നൂര്‍, കുട്ടനാട്, ചാലക്കുടി, തൃശൂര്‍, റാന്നി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കിയിലെ ചെറുതോണി ഡാം ഭൂകമ്പസാധ്യതാ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഭൂമിയിലുണ്ടായ വിള്ളല്‍, മണ്ണിടിച്ചില്‍ എന്നിവ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ പരിശോധിക്കണം. ഈ പ്രദേശങ്ങളിലെ പുതിയ നിര്‍മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇടുക്കിയില്‍ മണ്ണിടിച്ചിലിനെ നേരിടാന്‍ കഴിയുന്ന രീതിയിലുള്ള നിര്‍മാണങ്ങളെ പ്രോല്‍സാഹിപ്പിക്കണം.
ദുരിതാശ്വാസ ക്യാംപുകള്‍ പൂട്ടിയതിനാല്‍ പല പ്രളയബാധിതരും ഇപ്പോള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലാണുള്ളത്. തകര്‍ന്ന വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം.
കുട്ടനാടില്‍ ചിലയിടങ്ങളില്‍ തൂണുകള്‍ക്കു മുകളില്‍ വീട് നിര്‍മിച്ചതായി കണ്ടു. വെള്ളം കയറാവുന്നതിനേക്കാള്‍ ഉയരത്തിലാണ് ഇത്തരം വീടുകളുടെ ഒന്നാം നിലയുള്ളത്. ഇത്തരം വീടുകളില്‍ താമസിച്ചിരുന്നവര്‍ പ്രളയത്തില്‍ നിന്നു രക്ഷപ്പെട്ടു. പക്ഷേ, ഭൂകമ്പം ഉണ്ടായാല്‍ ഈ വീടുകള്‍ അപകടത്തിലാവും. അതിനാല്‍ കുട്ടനാട് മേഖലയ്ക്ക് ഉചിതമായ നിര്‍മാണ പ്ലാന്‍ ഉണ്ടാവണം.
പ്രളയവും മണ്ണിടിച്ചിലും മൂലം രണ്ടു ദിവസം വീട്ടില്‍ താമസിക്കാന്‍ കഴിയാത്തവര്‍ക്ക് 10,000 രൂപ സഹായം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും പലര്‍ക്കും ലഭിച്ചില്ല. അനര്‍ഹര്‍ക്ക് ലഭിക്കുകയുമുണ്ടായി. ഇത് തിരികെ പിടിച്ചെടുക്കണം. പ്രളയം സംബന്ധിച്ച് സര്‍ക്കാര്‍ ശേഖരിച്ച വിവരങ്ങളെല്ലാം പരസ്യപ്പെടുത്തണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഇരകള്‍ക്ക് ഈ കണക്കുകള്‍ പരിശോധിക്കാന്‍ അവസരം നല്‍കുകയും തെറ്റുണ്ടെങ്കില്‍ തിരുത്തുകയും വേണം.
പുഴകളിലെ മണല്‍വാരല്‍, പുഴയോര കൈയേറ്റം, കെട്ടിട നിര്‍മാണം, പാലം നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ നദീതട മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ പോലെ റിവര്‍ റഗുലേഷന്‍ സോണ്‍ രൂപീകരിക്കണം. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേതുപോലെ ബില്‍ഡ് ബാക്ക് ബെറ്റര്‍ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിയമം കൊണ്ടുവരണം.
പ്രളയബാധിതര്‍ക്ക് താല്‍ക്കാലിക-സ്ഥിരം പുനരധിവാസം ഒരുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് തേടണം. അരിയും മറ്റ് അവശ്യവസ്തുക്കളും അടങ്ങിയ കിറ്റുകളുടെ വിതരണം നിര്‍ത്തരുത്. അല്ലെങ്കില്‍ അവര്‍ക്ക് പണം നല്‍കണം. വൃക്കരോഗികള്‍ക്കും അര്‍ബുദരോഗികള്‍ക്കും പ്രതിമാസം 3000 രൂപ അലവന്‍സായി നല്‍കണം. പ്രളയബാധിത പ്രദേശങ്ങളിലെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സഹായം നല്‍കണം. കുട്ടനാട്ടില്‍ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണമെന്നും റിപോര്‍ട്ട് പറയുന്നു.

RELATED STORIES

Share it
Top