കേരളത്തിന്റെ ഫുട്‌ബോള്‍ ലഹരിക്ക് മെസ്സിയുടെ കൈയൊപ്പുള്ള ഫുട്‌ബോള്‍ സമ്മാനം

പൊന്നാനി: കേരളത്തിന്റെ ഫുട്‌ബോള്‍ ലഹരിക്കു മെസ്സിയുടെ അംഗീകാരം. അംഗീകാരത്തിനു സമ്മാനമായി ലഭിക്കുക സാക്ഷാല്‍ മെസ്സിയുടെ കൈയൊപ്പുള്ള ഫുട്‌ബോളും.
മെസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസ്സി ഡോട്ട് കോമില്‍ ലോകകപ്പിനോട് അനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ വീഡിയോ വോട്ടെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള വീഡിയോ ഒന്നാമതെത്തുകയായിരുന്നു. വാമോസ് ലിയോ മല്‍സരത്തില്‍ അര്‍ജന്റീനയെയും മെസ്സിയെയും പിന്തുണച്ചുസോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോകളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള വീഡിയോ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വീഡിയോക്ക് സമ്മാനം ലഭിച്ചതായി വീഡിയോ പോസ്റ്റ് ചെയ്ത ഫാ. വിപിന് സന്ദേശം ലഭിക്കുകയായിരുന്നു. മെസ്സിയുടെ വെബ്‌സൈറ്റിലും വിജയികളെ തിരഞ്ഞെടുത്ത വിവരം നല്‍കിയിട്ടുണ്ട്.
മെസ്സിയുടെ കൈയൊപ്പോടു കൂടിയ ഫുട്‌ബോളാണ് സമ്മാനമായി ലഭിക്കുക. വോട്ടിങിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. ലോകവ്യാപകമായി ആരാധകര്‍ മല്‍സരത്തില്‍ പങ്കെടുത്തു. അതില്‍ നിന്നും തിരഞ്ഞെടുത്ത വീഡിയോകള്‍ ഒഫീഷ്യല്‍ സൈറ്റില്‍ വോട്ടിങിനിടുകയായിരുന്നു. മലയാളികളുടെ മൂന്ന് വീഡിയോകളാണു മല്‍സരരംഗത്ത് ഉണ്ടായിരുന്നതെന്നത് ശ്രദ്ധേയം.
മറ്റ് വീഡിയോകളെ ഏറെ പിന്നിലാക്കിയാണു ഫാ. വിപിന്റെ വീഡിയോ ഒന്നാമതെത്തിയത്. കൊച്ചി ചെല്ലാനത്ത് മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെ വീഡിയോയാണ് സമ്മാനാര്‍ഹമായത്.

RELATED STORIES

Share it
Top