കേരളത്തിന്റെ പൈതൃകം ഉണര്‍ത്തി സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേള 21ന് ആരംഭിക്കും

കോഴിക്കോട്: പരമ്പരാഗത കരകൗശല വസ്തുക്കളുടെ സൗന്ദര്യം വിളിച്ചോതിക്കൊണ്ട് ഏഴാമത് സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേളയ്ക്ക് 21ന് പയ്യോളി ഇരിങ്ങലില്‍ തുടക്കമാവും.  21 മുതല്‍ ജനുവരി 8 വരെ 19 ദിവസമാണ് മേള നടക്കുക. മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍  സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. കെ ദാസന്‍ എംഎല്‍എ, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാ കലക്ടര്‍ യു വി ജോസ് പങ്കെടുക്കും. സൗത്ത് ആഫ്രിക്ക, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക എന്നീ നാല് വിദേശ രാജ്യങ്ങളിലെ കരകൗശല വിദഗ്ധര്‍  മേളയിന്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാര ജേതാക്കളായ 400ഓളം കരകൗശല വിദഗ്ധരും സര്‍ഗാലയയിലെ 100ഓളം സ്ഥിരം കരകൗശല വിദഗ്ധര്‍ ഉള്‍പ്പെടെ 500ലധികം കലാകാരന്‍മാരുടെ വ്യത്യസ്ത കലാ സൃഷ്ടികളും മേളയിലുണ്ടാവും . കേരളത്തിലെ പരമ്പരാഗത കരകൗശല വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക പവലിയന്‍ ‘കേരള കരകൗശല പൈതൃക ഗ്രാമം’ മേളയിലെ പ്രധാന കാഴ്ചകളില്‍ ഒന്നാണ്. ആറന്മുള കണ്ണാടികള്‍ നിര്‍മിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായകള്‍ നിര്‍മിക്കുന്ന തഴവ ഗ്രാമം തുടങ്ങി പരമ്പരാഗത വസ്തുക്കള്‍ കേന്ദ്രീകരിച്ച് കരകൗശല മാതൃക തയ്യാറാക്കി വിദഗ്ധരുടെ പങ്കാളിത്തത്തോടെ പ്രദര്‍ശനത്തിന് ഒരുക്കും. കേരള കൈത്തറി പൈതൃക ഗ്രാമവും അന്താരാഷ്ട്ര കരകൗശല മേളയിലെ പ്രധാന ഇനമാണ്. കൈത്തറി ഉല്‍പന്നങ്ങളുടെ പ്രത്യേക വിപണന സ്റ്റാളുകളും മേളയിലുണ്ടാകും. കേരളത്തിലെ കരകൗശല കൈത്തറി പൈതൃക ഗ്രാമങ്ങളെ പരിപോഷിപ്പിച്ച് അന്താരാഷ്ട്ര ടൂറിസത്തിന്റെ ഭാഗമാക്കി മാറ്റാന്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് സിഇഒ പി പി ഭാസ്‌കരന്‍ പറഞ്ഞു. കൂടാതെ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് മേളയുടെ ഭാഗമായി നടത്തും. ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ തഞ്ചാവൂരിന്റെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ, സാംസ്‌കാരിക, കയര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. കരകൗശല മേളയില്‍ സന്ദര്‍ശകരുടെ ക്രമാനുഗതമായ വര്‍ധനവ് കേരളത്തിലെ, പ്രത്യേകിച്ചും മലബാറിലെ ടൂറിസം സാധ്യതകളെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top