കേരളത്തിന്റെ ആവശ്യങ്ങളോട് പ്രധാനമന്ത്രി മുഖംതിരിക്കുന്നു: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ ആവശ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതായി സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ 23 അംഗ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും അഞ്ച് എംപിമാരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ഒരു ആവശ്യത്തിലും ഉറപ്പു ലഭിച്ചില്ലെന്ന് ബിജെപി അംഗം ഒഴികെയുള്ളവര്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സംഘത്തില്‍ അംഗമായിരുന്നു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കരുതെന്ന ആവശ്യത്തോട്, തിരഞ്ഞെടുപ്പുകാലത്ത് ഇതേപോലെ ഒട്ടേറെ തറക്കല്ലിടല്‍ നടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി പ്രതിനിധിസംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു തവണ അനുമതി നിഷേധിക്കപ്പെട്ടത് വിവാദമായശേഷമാണ്  സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചത്. എന്നാല്‍, ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ആവശ്യങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് കേരളം വലിയ പ്രതിസന്ധിയിലാണ്. മുന്‍ഗണനാ വിഭാഗത്തില്‍ ഇടംപിടിക്കാത്തവര്‍ക്ക് ജീവിക്കുന്നതിന് ആവശ്യമായ അരി ഇപ്പോള്‍ ലഭ്യമാവുന്നില്ല. കൂടുതല്‍ അരി കേന്ദ്രം നല്‍കണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരമേ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top