കേരളത്തിനുള്ള സഹായം കേന്ദ്രം നിഷേധിക്കുന്നു: മുഖ്യമന്ത്രി

ദുബയ്: പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രളയദുരന്തങ്ങളുണ്ടാവുമ്പോള്‍ വിദേശരാജ്യങ്ങളോട് സഹായം ആവശ്യപ്പെടാന്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും അവര്‍ സ്വയം തയ്യാറായി വന്നാല്‍ സഹായിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ദുബയിലെ ലെ മെറീഡിയന്‍ ഹോട്ടലില്‍ നടന്ന ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രഫഷനല്‍ കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഈ കാരണംകൊണ്ട് കേരളത്തിനു ലഭിക്കേണ്ട വന്‍ തുക നഷ്ടപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ പുനര്‍നിര്‍മിക്കാനായി റീബില്‍ഡ് കേരള എന്ന പേരില്‍ ഒരു പോര്‍ട്ടല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കുവേണമെങ്കിലും ഈ പോര്‍ട്ടലില്‍ കയറി കേരളത്തില്‍ എവിടെ ഏതു മേഖലയിലും സംഭാവന നല്‍കാന്‍ കഴിയും.
നവനിര്‍മാണ കേരളം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി യുഎഇ സന്ദര്‍ശിക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയും ഐക്യരാ്രഷ്ടസഭയുടെ വിദഗ്ധരും നടത്തിയ പഠനത്തില്‍ കേരളം പുനര്‍നിര്‍മിക്കാന്‍ 27,000 കോടി രൂപയാണ് കണക്കാക്കുന്നത്. പല സ്ഥാപനങ്ങളും ഗ്രാമങ്ങള്‍ തന്നെ ദത്തെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചിലര്‍ 100 വീടുകള്‍ വരെ നിര്‍മിക്കാന്‍ സന്നദ്ധരായിട്ടുണ്ട്. ഈ നവനിര്‍മാണപദ്ധതി വഴി പുതിയ കേരളമാണ് നിര്‍മിക്കാന്‍ പോവുന്നത്. ഏകജാലക പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top