കേരളതീരത്ത് കടല്‍ക്ഷോഭം തുടരുന്നു; ജാഗ്രതാ നിര്‍ദേശം

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കടല്‍ക്ഷോഭം തുടരുന്നു. മൂന്നു മീറ്റര്‍ വരെ ഉയരമുള്ള വന്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ 22ന് വൈകീട്ട് അഞ്ചര മുതല്‍ 23ന് രാത്രി 11.30 വരെ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരമേഖലകളില്‍ കടലാക്രമണത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിനു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തിരുവനന്തപുരം വലിയതുറ, ശംഖുമുഖം, അഞ്ചുതെങ്ങ് തീരങ്ങളിലുണ്ടായ കടലാക്രമണത്തില്‍ 10ലധികം വീടുകള്‍ തകര്‍ന്നു. വലിയതുറയില്‍ നേരത്തേയുള്ള അഞ്ചു ക്യാംപുകള്‍ക്കു പുറമെ  ഒരു ദുരിതാശ്വാസ ക്യാംപ് കൂടി തുടങ്ങി. വലിയതുറയില്‍ നൂറോളം വീടുകള്‍ അപകടഭീഷണിയിലാണ്.  കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ചില്‍ യുവതിയെ തിരയില്‍പ്പെട്ട് കാണാതായി. മാള അഷ്ടമിച്ചിറ സ്വദേശി അശ്വിനിയെയാണ് കടലില്‍ കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.
ആലപ്പുഴ ചേന്നവേലി, കാട്ടൂര്‍, ആറാട്ടുപുഴ പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണമുണ്ടായത്. പലയിടത്തും കരയിലേക്കു തിരമാലകള്‍ ഇരച്ചുകയറി. ഒറ്റമശേരി പ്രദേശത്തു വീടുകളില്‍ വെള്ളം കയറി.
കൊല്ലത്ത് അഴീക്കല്‍ പൊഴിക്കു സമീപവും ഇരവിപുരത്തും കടലാക്രമണമുണ്ടായി. കടലാക്രമണത്തില്‍ റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് കൊല്ലം-പരവൂര്‍ തീരദേശപാതയില്‍ ഗതാഗതം നിരോധിച്ചു. മുണ്ടയ്ക്കല്‍, കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്നത്.
കണ്ണൂരില്‍ തലശ്ശേരി, മുഴപ്പിലങ്ങാട് തീരങ്ങളിലും കടലേറ്റം ശക്തമാണ്. തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ തൊണ്ണൂറോളം കുടുംബങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്. തലശ്ശേരി, കണ്ണൂര്‍, മാടായി ഭാഗങ്ങളില്‍ ഒട്ടേറെ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പല വീടുകളുടെയും പടി വരെ വെള്ളമെത്തി. മാടായി, മാട്ടൂല്‍, കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ കിണറുകളില്‍ വരെ കടല്‍വെള്ളം കയറി. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് ഏതാണ്ട് പൂര്‍ണമായും കടലെടുത്തു. തലശ്ശേരി പെട്ടിപ്പാലം കോളനി, കണ്ണൂര്‍ നീര്‍ച്ചാല്‍, തോട്ടട ഏഴരക്കടപ്പുറം എന്നിവിടങ്ങളില്‍ ഒട്ടേറെ വീടുകള്‍ ഭീഷണിയിലാണ്.
എറണാകുളത്ത് ഞാറയ്ക്കല്‍ ആറാട്ടുവഴി, നായരമ്പലം വെളിയത്താന്‍പറമ്പ്, എടവനക്കാട് അണിയില്‍ ബീച്ചുകളില്‍ തിരമാലകള്‍ ശക്തമാണ്. റോഡുകളിലേക്കും കടല്‍ഭിത്തി പരിസരത്തേക്കും വെള്ളം കയറി. ചെല്ലാനത്ത് ശക്തമായ വേലിയേറ്റമുണ്ടായി. ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ കടല്‍കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് ബീച്ചില്‍ നിന്നു ജനങ്ങളെ നീക്കി.
കഴിഞ്ഞ ഒരാഴ്ചയായി തീരപ്രദേശം ആശങ്കയിലാണ്. കടലിന്റെ അസാധാരണമായ അവസ്ഥയ്ക്കുള്ള കാരണം വ്യക്തമല്ലെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. പടിഞ്ഞാറന്‍ തീരത്തും തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top