കേരളം മഹാപ്രളയത്തിനു ശേഷം

എ സി മൊയ്തീന്‍ (തദ്ദേശ സ്വയംഭരണ മന്ത്രി )

കേരളം മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം പേരെയും ഈ കാലവര്‍ഷക്കെടുതി ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ബാധിച്ചു. വയനാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഇടുക്കി മുതലായ ജില്ലകളില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു.
കണക്കനുസരിച്ച് ഈ വര്‍ഷത്തെ മഴക്കെടുതികളില്‍ 483 പേര്‍ മരണമടഞ്ഞു. കാണാതായവരുടെ എണ്ണം ഇതിനു പുറമേയാണ്. ഗുരുതരമായി പരിക്കേറ്റും കടുത്ത ക്ഷീണം ബാധിച്ചും നിരവധിപേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. നിരവധിപേര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്കു മാറി. സംസ്ഥാനത്തെ 30ല്‍ ഒരാള്‍ക്ക് ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടേണ്ടിവന്നു. പ്രളയബാധിതരെ സഹായിക്കാന്‍ ആദ്യ ദിവസങ്ങളില്‍ തുറന്ന ക്യാംപുകളില്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ പ്രളയം വിഴുങ്ങി. ഏതാനും ആശുപത്രികളും മുങ്ങിപ്പോയി. പലയിടത്തും പൊതുനിരത്തുകളിലൂടെ പ്രളയജലം കുത്തിയൊഴുകി. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ 'നിരത്തുകളില്‍' വള്ളമിറക്കിയവര്‍പോലും അപകടത്തില്‍പ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. കണക്കില്ലാത്ത ഗൃഹോപകരണങ്ങള്‍ നശിച്ചു. കന്നുകാലികളും വളര്‍ത്തുമൃഗങ്ങളും ചത്തൊടുങ്ങി. കൃഷി നശിച്ചു. ഹെക്റ്റര്‍ കണക്കിന് കൃഷിഭൂമി താറുമാറായി. കച്ചവടസ്ഥാപനങ്ങളില്‍ വെള്ളം കയറി, ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ ഉപയോഗശൂന്യമായി. കംപ്യൂട്ടറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും നശിച്ചു. വിദ്യാലയങ്ങളുടെയും സര്‍ക്കാര്‍ ഓഫിസുകളുടെയും കെട്ടിടങ്ങള്‍ തകര്‍ന്നും ഉപകരണങ്ങള്‍ നശിച്ചും കനത്ത നഷ്ടമുണ്ടായി. വിലപ്പെട്ട രേഖകള്‍ നശിച്ചു. ചെറുകിട സംരംഭങ്ങള്‍ മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെ നിശ്ചലമായി.
ദുരന്തത്തിന്റെ നാളുകള്‍ ലോകത്തിന്റെ ആദരവു പിടിച്ചുപറ്റിയ രക്ഷാപ്രവര്‍ത്തനത്തിനും സാക്ഷിയായി. മണിക്കൂറുകള്‍കൊണ്ട് നൂറുകണക്കിന് ദുരിതാശ്വാസ ക്യാംപുകള്‍ ഒരുങ്ങി. നാടിന്റെ മുക്കിലും മൂലയിലും നിന്ന് ക്യാംപുകളിലേക്കു സഹായങ്ങള്‍ ഒഴുകി. വ്യത്യസ്ത മത-രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ എല്ലാ ഭിന്നതകളും മറന്ന് കര്‍മനിരതരായി. സാഹസികരും ത്യാഗധനരുമായ മല്‍സ്യത്തൊഴിലാളികള്‍ സ്വന്തം ജീവന്‍ പണയം വച്ച്, മരണമുഖത്ത് അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തി ക്യാംപുകളില്‍ എത്തിച്ചു. ആയിരക്കണക്കിനു ചെറുപ്പക്കാര്‍ സ്വന്തം മനസ്സാക്ഷിയുടെ ആജ്ഞകള്‍ ഏറ്റെടുത്ത് ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമാണെന്ന് ഇളംതലമുറ തെളിയിച്ചു. ലോകത്തിലെ ഒരു ദുരന്തമുഖത്തും ഇതുപോലെ സമ്പൂര്‍ണമായ ഉണര്‍വും ജനകീയ ഐക്യവും കണ്ടിട്ടില്ലെന്ന് ദുരന്തനിവാരണ വിദഗ്ധരും രാജ്യാന്തര അനുഭവമുള്ള സന്നദ്ധപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തുന്നു.
ആഗസ്ത് 9ന് ആരംഭിച്ച സെക്രട്ടേറിയറ്റിലെ കണ്‍ട്രോള്‍റൂം ദിവസത്തില്‍ 24 മണിക്കൂറും വിരാമമില്ലാതെ പ്രവര്‍ത്തിച്ചു. മന്ത്രിമാര്‍ക്ക് ജില്ലകളുടെ വിശേഷ ചുമതല നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കടലറിയുന്ന കപ്പിത്താനെപ്പോലെ, പ്രളയത്തിന്റെ നാളുകളില്‍ കേരളത്തെ നയിച്ചു. ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളിലും കണ്‍ട്രോള്‍റൂമുകള്‍ സജീവമായതോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധവും ഏകോപനവും കൈവന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലാതലത്തില്‍ പ്രത്യേക ചുമതല നല്‍കി നിയോഗിച്ചു. മുഖ്യമന്ത്രി തന്നെ ഓരോ ദിവസവും കാലത്തും വൈകീട്ടും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
40,000 കോടിയോളം രൂപയുടെ നഷ്ടമാണ് പ്രളയം സംസ്ഥാനത്തിനു വരുത്തിവച്ചത്. വിശദമായ കണക്കുകള്‍ ലഭ്യമാവുമ്പോള്‍ നഷ്ടത്തിന്റെ ചിത്രം ഇതിലും ഗുരുതരമായിരിക്കും. ഈ ദുരന്തത്തെ കേരളം നേരിട്ട രീതി സമാനതകളില്ലാത്തതാണ്. ആളുകളെ രക്ഷപ്പെടുത്തി ക്യാംപുകളില്‍ എത്തിക്കുന്നതിലും ക്യാംപുകളില്‍ അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കുന്നതിലും സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിലും മാത്രമല്ല, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും നാടിന്റെ ഐക്യവും കരുത്തും പ്രകടമായി. ഇതിനകം അഞ്ചുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം അടിയന്തര സഹായമായി നല്‍കിക്കഴിഞ്ഞു. ദുരിതബാധിതര്‍ക്കുള്ള കിറ്റ് വിതരണവും ഏറക്കുറേ പൂര്‍ത്തിയായി.
പ്രളയകാലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയുടെ നാളുകളായിരുന്നു. അവസരത്തിനൊത്ത് ഉയരാനും ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാനും പ്രാദേശിക സര്‍ക്കാരുകള്‍ക്കു കഴിഞ്ഞു. ദുരിതബാധിത മേഖലകളിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങള്‍ ശേഖരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുറന്ന കലക്ഷന്‍ സെന്ററുകള്‍ ദിവസങ്ങള്‍ക്കകം കോടിക്കണക്കിനു രൂപയുടെ സാധനങ്ങളാണു ശേഖരിച്ചത്. ക്യാംപുകള്‍ തുറക്കുന്നതിലും നടത്തുന്നതിലും ഗ്രാമപ്പഞ്ചായത്തുകള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പ്രധാന പങ്കുവഹിച്ചു.
വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങുന്ന വോളന്റിയര്‍ ടീം രൂപീകരിച്ച് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ടീമുകളില്‍ സന്നദ്ധ-സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിദ്യാര്‍ഥി-യുവജന സംഘടനകളുടെയും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ചളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി താറുമാറായ 6.89 ലക്ഷത്തോളം വീടുകള്‍ ഇതിനകം ശുചീകരിച്ചു. മൂന്നുലക്ഷത്തിലധികം കിണറുകളും വൃത്തിയാക്കി.
ശുദ്ധജല ലഭ്യത രൂക്ഷമായ പ്രശ്‌നമായിരുന്നു. ശുദ്ധജലമെത്തിക്കുന്നതിനു യുദ്ധകാലാടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജല അതോറിറ്റിയുമായി ചേര്‍ന്ന് നടപടി സ്വീകരിച്ചു. നിലവിലെ കുടിവെള്ള കിയോസ്‌കുകള്‍ ഉപയോഗയോഗ്യമാക്കാനും പുതിയവ സ്ഥാപിക്കേണ്ടതിന് വാട്ടര്‍ ടാങ്കുകള്‍ വാങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കുടിവെള്ളക്ഷാമമുള്ള ഉള്‍പ്രദേശങ്ങളില്‍ ചെറിയ വാഹനങ്ങളിലോ വള്ളങ്ങളിലോ ശുദ്ധജലമെത്തിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്.
ഭീമമായ തുക കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി കണ്ടെത്തേണ്ടിവരും. ആഘോഷങ്ങള്‍ ചുരുക്കിയും ആര്‍ഭാടം ഒഴിവാക്കിയും സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവരുന്ന വ്യക്തികളോടും സ്ഥാപനങ്ങളോടും കേരളം കടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ളതോ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്നതോ ആയ എല്ലാ ആഘോഷപരിപാടികളും ചെലവു ചുരുക്കി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറിയപ്പെടുന്ന നിരവധിപേര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു. മഴക്കെടുതിയില്‍ കിടപ്പാടം ഇല്ലാതായവര്‍ക്ക് വീടു വയ്ക്കാന്‍ സ്ഥലം ദാനംചെയ്ത നിരവധിപേരുണ്ട്. സമ്പാദ്യക്കുടുക്കയിലെ തുക ദുരിതാശ്വാസനിധിയിലേക്കു നല്‍കിയ കുട്ടികള്‍ വരെയുണ്ട്. ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ 'സാലറി ചാലഞ്ച്' ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും മുന്നോട്ടുവരുന്നത് ആവേശകരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഭാവനകള്‍ പ്രവഹിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നു ലഭിക്കാനിടയുള്ള സഹായം നിയമപരമായ മാര്‍ഗങ്ങളിലൂടെ ലഭ്യമാക്കാന്‍ കഴിയും എന്നാണു പ്രതീക്ഷ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതതു പ്രദേശങ്ങളിലെ പ്രളയത്തിനുശേഷമുള്ള സാഹചര്യം വിലയിരുത്തുകയും വിശദമായ കര്‍മപദ്ധതികളുമായി നവകേരള പുനര്‍നിര്‍മാണത്തില്‍ പങ്കുവഹിക്കുകയും വേണം. കൂടുതല്‍ നല്ലൊരു കേരളത്തിലേക്ക് ചുവടുവയ്ക്കാനുള്ള അവസരമായി ഈ മഹാദുരന്തത്തെ മാറ്റിയെടുക്കാന്‍ കഴിയണം. ി

RELATED STORIES

Share it
Top