കേരളം നാടുവാഴി-ജാതി മനോഭാവങ്ങളില്‍ നിന്ന് മാറിയിട്ടില്ലെന്ന് മന്ത്രി

തൃശൂര്‍: പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത തരത്തിലുള്ള ഇരുട്ട് കേരളത്തില്‍ അടുത്തിടെ വ്യാപിച്ചിട്ടുണ്ടെന്നും അത് ആശങ്കപ്പെടുത്തുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സാഹിത്യ അക്കാദമി പുസ്തകോല്‍സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സമുന്നതരായ ഗ്രന്ഥശാലാ പ്രവര്‍ത്തകരെ ആദരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്തിടെ നടന്ന സംഭവങ്ങള്‍ കേരളം നാടുവാഴി-ജാതി മനോഭാവങ്ങളില്‍ നിന്നും മാറുന്നില്ലെന്നതിനു തെളിവാണ്. സാഹിത്യത്തിലും സാംസ്‌കാരിക രംഗത്തും ഇത്തരത്തിലുള്ള അപചയങ്ങള്‍ സംഭവിക്കാതിരിക്കാന്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ ശ്രദ്ധിക്കണം. കേരളത്തിന്റെ നവോത്ഥാനത്തിനായി ഗ്രന്ഥശാലകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയായിട്ടുണ്ട്. ഇതെല്ലാം ജന്മിത്വത്തിനെതിരെ സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്. ഇനിയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഊര്‍ജസ്വലമായാലേ നാടിന്റെ വികസനാത്മക കാഴ്ചപ്പാടിന് സഹായകമാവൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിച്ചു. ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. എം എന്‍ വിനയകുമാര്‍, മാങ്ങാട് ബാലചന്ദ്രന്‍, തൃശൂര്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ പ്രഭാത്  സംസാരിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എന്‍ ഹരി നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top