കേരളം അതിക്രമങ്ങളുടെ പറുദീസയാവുന്നുവോ?

വെട്ടും തിരുത്തും - പി എ എം ഹനീഫ്
ഈയാഴ്ച കോഴിക്കോട്ടെ നഗരപ്രാന്തത്തില്‍ അത്യന്തം ദയനീയമായ കാഴ്ച കണ്ടു. ഭിക്ഷാടനവൃത്തിക്കായി ഏതോ ഇതരസംസ്ഥാനത്ത് നിന്നു വന്ന സാധുക്കളെ ആള്‍ക്കൂട്ടം അതിക്രൂരം മര്‍ദിക്കുന്നു; വലിച്ചിഴയ്ക്കുന്നു; മണ്ണുവാരി വായിലിട്ടു കവിളില്‍ ചവിട്ടുന്നു. ആ പ്രദേശങ്ങളിലുണ്ടായ ചില്ലറ മോഷണങ്ങളുടെ പേരിലാണ് ക്രൂരമര്‍ദനം. 50 വയസ്സു കഴിഞ്ഞ ഒരാള്‍ തന്റെ മുഷിഞ്ഞ സഞ്ചി തുറന്നു കാണിക്കുന്നു; മടിശ്ശീല അഴിച്ചു പ്രദര്‍ശിപ്പിക്കുന്നു; ഒന്നും ചെയ്യരുതേ എന്ന് കെഞ്ചുന്നു. നിരാശയായിരുന്നു ഫലം. ഇടപെടാനോ കാഴ്ച കണ്ടുനില്‍ക്കാനോ സമയം അനുവദിക്കുന്നില്ല. സംസ്‌കാരശൂന്യരായ ചില വിഭാഗങ്ങള്‍ ഏതു രാജ്യത്തു നിന്നും കേരളത്തിലേക്ക് ഇക്കാലം നാടുവിടുന്നു. അന്യസംസ്ഥാനങ്ങളില്‍ കനകം കായ്ക്കുന്ന മണ്ണാണ് കേരളത്തിലേത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലൊക്കെ അടച്ചുപൂട്ടിയ മണിമാളികകളേറെ. ഗള്‍ഫ് സമ്പന്നതയില്‍ പൊക്കിക്കെട്ടിയതാവാം. വീടും ഭൂമിയും നോക്കിനടത്തുന്നത് ഇതരസംസ്ഥാനക്കാരാണ്. ആയിരങ്ങള്‍ തഞ്ചാവൂര്‍, മധുര, സേലം ജില്ലകളില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. സ്ത്രീകളും വൃദ്ധരും അവരില്‍പ്പെടുന്നു. ഈ ആള്‍ക്കൂട്ടത്തില്‍ കള്ളന്മാരും പിടിച്ചുപറിക്കാരും തോന്നിവാസികളുമുണ്ട്. തെക്കന്‍ ജില്ലകളിലൊക്കെ ചില വീടുകളില്‍ വൃദ്ധദമ്പതികള്‍ക്കു തുണ ഇതരസംസ്ഥാനക്കാരാണ്. അമേരിക്കയിലും ആസ്‌ത്രേലിയയിലുമാണ് കുടുംബനാഥന്മാര്‍. പ്രായംചെന്ന അപ്പനും അമ്മയും ഇവിടെ ഇതരസംസ്ഥാനക്കാരന്റെ സംരക്ഷണയില്‍. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നു, സ്ത്രീകള്‍ ഒറ്റയ്ക്കുള്ള വീടുകളില്‍ ലൈംഗികമായി ചിലര്‍ ചൂഷണം ചെയ്യപ്പെടുന്നു, തൊടികളിലെ കാര്‍ഷികോല്‍പന്നങ്ങളുടെ മോഷണമെന്നത് നിത്യസംഭവമാവുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ചിലരെങ്കിലും സംശയിക്കപ്പെടുന്നു. അതിക്രൂരമാംവിധം നമ്മുടെ ചെറുപ്പക്കാര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സംഘം ചേര്‍ന്നു മര്‍ദിക്കുന്നു; അടിച്ചും ചവിട്ടിയും കഠിനമായി പീഡിപ്പിക്കുന്നു. ഉത്തരാധുനികതയും സംവേദനക്ഷമതയുമൊക്കെ വിദ്യാസമ്പന്നര്‍ കടലോരത്ത് ഐസ്‌ക്രീം നുണഞ്ഞും ബദാം ഷെയ്ക്ക് മൊത്തിയും ചര്‍ച്ച ചെയ്യുമ്പോള്‍ കേരളം കൊടുംപീഡകരുടെ രാജ്യമാണ് എന്നതിനു കൂടി അടിവരയിടേണ്ടിവരുന്നു. ശിക്ഷിക്കപ്പെടേണ്ട ചിലരെങ്കിലും തൊഴില്‍ തേടിവന്നതിന്റെ മറവില്‍ കേരളത്തില്‍ അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലിസ് പോലും ഇത്തരക്കാരെ ജനത്തിനു വിട്ടുകൊടുക്കുകയാണ്. കൊച്ചി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തിരക്കേറിയ ബസ് സ്റ്റേഷനുകളില്‍ പോക്കറ്റടി വ്യാപകമാണ്. പ്രകൃതിവിരുദ്ധ ലൈംഗികപീഡനങ്ങളും അരുംകൊലകളും നിത്യസംഭവമാവുന്നു. ഇതര സംസ്ഥാനക്കാരന്റെ കൂടെ സ്വന്തം മക്കളെ പോലും ഉപേക്ഷിച്ച് ഒളിച്ചോടുന്ന ഭര്‍തൃമതികളുടെ എണ്ണവും അതേത്തുടര്‍ന്നുള്ള കേസുകളും കുടുംബഛിദ്രങ്ങളും പെരുകുന്നു. വിവിധ സംഘടനകള്‍ വോട്ടുബാങ്കുകള്‍ സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഭാഷ പഠിപ്പിക്കലും സ്വന്തം പ്രസ്ഥാനത്തെ വികസിപ്പിക്കലും തകൃതിയായി നടത്തുന്നു. വൃത്തിയും വെടിപ്പുമില്ലാത്ത താമസസ്ഥലങ്ങള്‍, ശൗചാലയങ്ങള്‍, കള്ളും കഞ്ചാവും എന്നുവേണ്ട, സകല അത്യാചാരങ്ങളും കേരളത്തില്‍ പെരുകുന്നു. 2025 ആവുമ്പോഴേക്കും കേരളം നമുക്ക് നിയന്ത്രിക്കാനാവാത്ത സംഘര്‍ഷഭൂമിയായി അധഃപതിക്കും. മനുഷ്യനെ തമ്മിലകറ്റുന്ന ജാതി-മത ഉള്‍പ്പിരിവുകളും കൂടിച്ചേരുമ്പോള്‍ എന്താണ് വരുംനാളുകളില്‍ സംഭവിക്കുക എന്നത് പ്രവചിക്കാന്‍ പ്രയാസം. കേഡികള്‍, തിരുടന്മാര്‍, വനംകൊള്ളക്കാര്‍- കാട്ടുകള്ളന്‍ വീരപ്പന്റെ അടുത്ത ചില ബന്ധുക്കളൊക്കെ അതിക്രമങ്ങളുമായി വാളയാര്‍ ചുരം കടന്നുവന്നിട്ടുണ്ടത്രേ! എന്താണ് പ്രതിവിധി? ആര്‍ക്ക് ആരാണ് രക്ഷകരായുള്ളത്? ചിന്തിക്കുന്തോറും ഭയം ഏറുന്നു.                                     ി

RELATED STORIES

Share it
Top