കേബിള്‍ പൈപ്പുകള്‍ മാറ്റിയില്ല; ഇരിട്ടി പാലത്തില്‍ അപകടക്കെണി

ഇരിട്ടി: കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായി ഇരിട്ടി പാലത്തില്‍ കേബിള്‍ പൈപ്പുകള്‍. രണ്ടു വര്‍ഷം മുമ്പ് ഇവ മാറ്റി സ്ഥാപിക്കാന്‍ തീരുമാനം ഉണ്ടായെങ്കിലും ഇപ്പോഴും പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ഭീഷണി തീര്‍ക്കുകയാണ്. 1933ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇരിട്ടി പാലത്തിന്റെ അവസ്ഥ വളരെ പരിതാപകരമായി  തുടരുന്നതിനിടയിലാണ് പാലത്തിലൂടെ കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ഇരുവശങ്ങളിലും വിവിധ ടെലിഫോണ്‍ കമ്പനികളുടേതുള്‍പ്പെടെയുള്ള കേബിളുകള്‍ കടന്നുപോവുന്ന പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇരുഭാഗങ്ങളിലും പൈപ്പുള്ളതിനാല്‍ തന്നെ വീതികുറഞ്ഞ പാലത്തില്‍ വലിയ വാഹനങ്ങള്‍ കടന്നുപോവാന്‍ തന്നെ പ്രയാസമാണ്. ഇതിനിടയിലാണ് കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവാന്‍ പോലും കഴിയാത്ത വിധം പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇപ്പോള്‍ റോഡിലേക്ക് വീണ പൈപ്പുകള്‍ കയറുകൊണ്ട് കെട്ടിയ നിലയിലാണ്. രണ്ടുവര്‍ഷം മുമ്പാണ്് ഇരിട്ടി പാലത്തിലൂടെ നടന്നുപോവുകയായിരുന്ന വയോധികന് ബസിനും പാലത്തിന്റെ കൈവരികള്‍ക്കിടയിലും കുടുങ്ങി ദാരുണാന്ത്യം സംഭവിച്ചത്. ഇതേത്തുടര്‍ന്ന് പാലം ഉപരോധിക്കുന്നത് ഉള്‍പ്പെടെയുള്ള സമരങ്ങളും നടന്നിരുന്നു. പിന്നീട് പാലത്തിന് ഇരുവശങ്ങളിലുമുള്ള ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ കേബിളുകള്‍ പാലത്തിനു പുറത്തുകൂടെ മാറ്റിസ്ഥാപിക്കുവാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ പൈപ്പുകള്‍ പാലത്തോടു ചേര്‍ത്തുകെട്ടുക മാത്രമാണ് ചെയ്തത്. ഇപ്പോള്‍ വീണ്ടും റോഡിലേക്ക് വീണുകിടക്കുന്ന പൈപ്പില്‍ തട്ടി കാല്‍നടക്കാര്‍ വീഴാനുള്ള സാധ്യതയും ഏറെയാണ്.
പല ആവശ്യങ്ങള്‍ക്കായും പാലത്തിന് അപ്പുറത്തേക്കും ഇപ്പുറത്തേക്ക് ഓരോ ദിവസവും നിരവധി പേരാണ് കാല്‍നട യാത്ര ചെയ്യുന്നത്. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top