കേന്ദ്ര സഹമന്ത്രി മാപ്പുപറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരെന്ന് പ്രഖ്യാപിച്ച കേന്ദ്ര നൈപുണി വികസന സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ പാര്‍ലമെന്റില്‍ മാപ്പുപറഞ്ഞു. മതേതരത്വം എന്ന വാക്ക് ഉള്‍പ്പെട്ട ഭരണഘടന പൊളിച്ചെഴുതുമെന്നു പറഞ്ഞ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് ഹെഗ്‌ഡെ ഇന്നലെ ലോക്‌സഭയില്‍ മാപ്പുപറഞ്ഞത്. തന്റെ പരാമര്‍ശം മൂലം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടതില്‍ ഖേദമുണ്ട്. ഈ സാഹചര്യത്തില്‍ ഭരണഘടനയും പാര്‍ലമെന്റും തന്നെയാണ് തനിക്ക് ഏറ്റവും പ്രധാനമെന്ന് ഉറപ്പു നല്‍കുന്നു. ഭരണഘടനയെയും പാര്‍ലമെന്റിനെയും ബാബാ സാഹബ് അംബേദ്കറെയും ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു പൗരന്‍ എന്ന നിലയില്‍ ഒരിക്കലും ഭരണഘടനയ്ക്ക് എതിരുനില്‍ക്കില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.അതേസമയം, ഹെഗ്‌ഡെയുടെ വിശദീകരണത്തില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അതൃപ്തി പ്രകടിപ്പിച്ചു. മന്ത്രി അംബേദ്കറെയും അപമാനിച്ചിട്ടുണ്ടെന്നു ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇതോടെ, ഉടന്‍ തന്നെ മാപ്പുപറയണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ജീവിതത്തില്‍ ചിലപ്പോഴൊക്കെ നമ്മള്‍ പറയുന്നതു ശരിയാണെന്നു നമുക്കു തോന്നും. എന്നാല്‍, മറ്റുള്ളവര്‍ക്ക് ചിലപ്പോള്‍ മുറിവേറ്റെന്നു വരാമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതോടെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ആരോപിക്കുന്നതുപോലെയുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പുപറയുന്നുവെന്നും പറഞ്ഞ് മന്ത്രി തടിയൂരി.ഹെഗ്‌ഡെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ പാര്‍ലമെന്റിനു പുറത്ത് ഗാന്ധിപ്രതിമയ്ക്കു മുന്നിലും പ്രതിഷേധം നടന്നിരുന്നു. ഹെഗ്‌ഡെ വിഷയത്തില്‍ സര്‍ക്കാരും പ്രധാനമന്ത്രിയും വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍, പരാമര്‍ശം നടത്തിയ മന്ത്രി രാജ്യസഭയില്‍ അംഗമല്ലെന്നായിരുന്നു സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് കഴിഞ്ഞ ദിവസം പാര്‍ലമെന്ററികാര്യ മന്ത്രിയോട് താന്‍ ആരാഞ്ഞിരുന്നു. അതനുസരിച്ച് ഹെഗ്‌ഡെയുടെ പരാമര്‍ശം സര്‍ക്കാരിന്റെ കാഴ്ചപ്പാടല്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ സഭയില്‍ വ്യക്തമാക്കിയതാണ്. വീണ്ടും ഈ വിഷയത്തില്‍ പ്രതിഷേധിക്കുന്നതു ശരിയല്ലെന്നും വെങ്കയ്യ നായിഡു മുന്നറിയിപ്പു നല്‍കി. തുടര്‍ന്നും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നതോടെ സഭ 12 മണി വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. എന്നാല്‍, ഇതൊരു രാഷ്ട്രീയ ആവശ്യമാണെന്ന വെങ്കയ്യ നായിഡുവിന്റെ പ്രതികരണത്തോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ബഹളം രൂക്ഷമായതോടെ സഭ രണ്ടുമണി വരെ നിര്‍ത്തിവച്ചു.

RELATED STORIES

Share it
Top