കേന്ദ്ര സര്‍വകലാശാല പ്രോ വിസിയായി ആര്‍എസ്എസ് സഹയാത്രികന്‍

എ  പി  വിനോദ്
കാഞ്ഞങ്ങാട്: ആര്‍എസ്എസ് സഹയാത്രികനായ ഡോ. കെ ജയപ്രസാദിനെ കേന്ദ്ര സര്‍വകലാശാലാ പ്രോ. വൈസ് ചാന്‍സലറായി നിയമിച്ചതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത് സര്‍വകലാശാലയുടെ സമ്പൂര്‍ണ കാവിവല്‍ക്കരണം. നിര്‍ദിഷ്ട യോഗ്യതയില്ലാതെ ഡീന്‍ ആയ ഇദ്ദേഹത്തിനെതിരേ ഹൈക്കോടതിയില്‍ പരാതി നിലനില്‍ക്കുമ്പോഴാണ് ചട്ടവിരുദ്ധമായി നിയമനം. ഇപ്പോള്‍ കേന്ദ്ര സര്‍വകലാശാലയുടെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമാണ്. ഡിപാര്‍ട്ട്‌മെന്റ് പോലും ആരംഭിക്കാത്ത സ്‌കൂള്‍ ഓഫ് കള്‍ചറല്‍ സ്റ്റഡീസിന്റെ ഡീന്‍ ആയാണ് ഇദ്ദേഹം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായത്. ഈ കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങളും  ഭാരതീയ വിചാര കേന്ദ്രം പ്രതിനിധികളാണ്. നിലവില്‍ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റായ ജയപ്രസാദ് 'ഇന്‍ റോഡ്‌സ് ഇന്‍ ലെഫ്റ്റിസ്റ്റ് സ്‌ട്രോങ് ഹോള്‍ഡ്' എന്ന കേരളത്തിലെ ആര്‍എസ്എസിനെ കുറിച്ച പുസ്തകത്തിന്റെ രചയിതാവാണ്. കൊല്ലം എസ്എന്‍ കോളജില്‍ നിന്ന് ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ 2014ല്‍ കേന്ദ്ര സര്‍വകലാശാലയിലെത്തി അസോസിയേറ്റ് പ്രഫസറായി. 2015 നവംബര്‍ ഒമ്പതിന് കാലാവധി പൂര്‍ത്തിയാക്കി. പിന്നീട് എസ്എന്‍ കോളജില്‍ നിന്നു രാജിവച്ച് 2015 നവംബര്‍ 11ന് ഇവിടെ വീണ്ടും ജോലിക്ക് ചേര്‍ന്നു. എന്നാല്‍, നവംബര്‍ 10ന് ഒരു സര്‍വകലാശാലയിലും ജോലിയില്ലാതിരുന്ന ഇദ്ദേഹത്തിന്റെ നിയമനം സിഎജി റിപോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുമുണ്ട്. ഫിനാന്‍സ് ഓഫിസറുടെ ചുമതല കൂടി വൈസ് ചാന്‍സലര്‍ നല്‍കി. നിയമനത്തില്‍ സാങ്കേതികതടസ്സമുള്ളതിനാല്‍ പഴയ സേവനകാലം പ്രമോഷന് പരിഗണിച്ചുകൂടെന്ന ചട്ടം മറികടന്ന് 2017 നവംബര്‍ 11ന് പ്രഫസറായി മുന്‍കാല പ്രാബല്യത്തോടെ പ്രമോഷന്‍ നല്‍കി.
അസോസിയേറ്റ് പ്രഫസറായി മൂന്നുവര്‍ഷത്തിനു ശേഷമേ പ്രഫസര്‍ ആവാനാവൂ. യുജിസി ചട്ടവും മറികടന്നു കേന്ദ്ര സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസറാവുന്നതിന് അഞ്ചു ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണം. കുറഞ്ഞത് മൂന്നു പിഎച്ച്ഡി വിദ്യാര്‍ഥികളെങ്കിലും കീഴില്‍ ഗവേഷണം നടത്തണമെന്നും നിബന്ധനയുണ്ട്. എന്നാല്‍, ജയപ്രസാദിന്റെ പേരില്‍ ഹിന്ദു ദേശീയത: ആര്‍എസ്എസിനെക്കുറിച്ചൊരു പഠനം എന്നൊരു പ്രബന്ധം മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. ഒരു വിദ്യാര്‍ഥി പോലും കീഴില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയിരുന്നില്ല. ചട്ടങ്ങള്‍ മറികടന്നായതിനാല്‍ ജയപ്രസാദിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴ പ്രാപ്പൊയില്‍ സ്വദേശി കെ ഗോകുല്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top