കേന്ദ്ര സര്‍വകലാശാലാ കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നു

പെരിയ: പെരിയയിലെ കേന്ദ്ര സര്‍വകലാശാലയ്ക്ക് വേണ്ടി 213 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ ചോര്‍ന്നൊലിക്കുന്നു. കേന്ദ്ര സര്‍വകലാശാലയ്ക്ക് പെരിയയില്‍ ആസ്ഥാനമൊരുങ്ങിയതിന് ശേഷം കാംപസ് പൂര്‍ണമായും ഇവിടേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിരിക്കുമ്പോഴാണ് പുതിയ കെട്ടിടങ്ങള്‍ പോലും ചോര്‍ന്നൊലിക്കുന്നത്. 12000 ചതുരശ്ര മീറ്ററില്‍ നിര്‍മിച്ച മള്‍ട്ടിപര്‍പ്പസ് ഹാള്‍ 2016 ഫെബ്രുവരി 16 നാണ് ഉദ്ഘാടനം ചെയ്തത്. നിര്‍മാണത്തിന് നിലവാരം ഇല്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചതിനാല്‍ കെട്ടിടം അപകടാവസ്ഥയിലാണ്.
കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ച നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരമോ അളവോ പരിശോധിച്ചില്ലെന്ന് ആക്ഷേപമുണ്ട്. യൂനിവേഴ്‌സിറ്റി എന്‍ജിയര്‍ ഡോ. രാജഗോപാലിന്റെ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. കൃത്യമായി നിര്‍മിക്കുകയാണെങ്കില്‍ തന്നെ ഈ കെട്ടിടം ഒരു കോടി രൂപ ചെലലില്‍ നിര്‍മിക്കാനാവും. എന്നാല്‍ ഇതിന് മൂന്ന് കോടി രൂപയാണ് ചെലവായത്. കഴിഞ്ഞ ഏപ്രില്‍ 29ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്ത യൂനിവേഴ്‌സിറ്റി കാംപസിന്റെ മൊത്തം നിര്‍മാണ ചെലവ് 210 കോടിയാണ്. എട്ട് ബ്ലോക്കുകളിലായി നിര്‍മിച്ച ഈ കെട്ടിടങ്ങളും നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചോര്‍ച്ച അനുഭവപ്പെടുന്നുണ്ട്.
കോറിഡോര്‍ തുറന്ന രീതിയിലായതിനാല്‍ കെട്ടിടത്തിനുള്ളിലേക്ക് മഴയത്ത് വെള്ളം അടിച്ചുകയറുകയാണ്. കാറ്റും മഴയും ഉള്ളപ്പോള്‍ വരാന്തയിലോ റൂമിലോ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. കേന്ദ്ര പൊതുമരാമത്തിന് നിര്‍മാണ ചുമതലയുള്ള സര്‍വകലാശാല കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ മാനവവിഭവശേഷി മന്ത്രാലത്തിന് പി കെ ജനാര്‍ദ്ദനന്‍ പരാതി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top