കേന്ദ്ര സര്‍വകലാശാലയില്‍ കരാറുകാരന്റെ പ്രതിഷേധം

കാഞ്ഞങ്ങാട്: പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ കാംപസുകളിലെ സാധനങ്ങള്‍ ഇറക്കി വയ്ക്കാന്‍ കരാറെടുത്തയാളും സര്‍വലാശാലാ ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളിലെ ലോഡ് കണക്കിന് സാധനങ്ങളുമായി കരാറുകാരന്റെ പ്രതിഷേധം. കേന്ദ്ര സര്‍വകലാശാലയുടെ വിദ്യാനഗര്‍, പടന്നക്കാട്, കുണിയ എന്നീ കാംപസുകളിലെ വിവിധ ബ്ലോക്കുകളിലെ സാധന സാമഗ്രികള്‍ ഇറക്കി വയ്ക്കാന്‍ 12,33,333 രൂപയ്ക്ക്് രാജേഷ് എന്നയാള്‍ കരാര്‍ എടുത്തിരുന്നു.
പുതിയ ബ്ലോക്കുകളിലേക്ക് മുഴുവന്‍ സാധനങ്ങളും 19നകം എത്തിക്കാനാണ് കരാറെടുത്തത്. 20ന് രാവിലെ വിദ്യാനഗര്‍ കാംപസില്‍ നിന്നും മൂന്ന് ലോഡ് സാധനങ്ങളുമായി രാവിലെ 11.45ഓടെ സിന്ധു എന്ന ബ്ലോക്കില്‍ ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ കെട്ടിടം കൈമാറിയിട്ടില്ലെന്നും അത് കൊണ്ട് ഇറക്കാന്‍ പറ്റില്ലെന്നും ഈ ബ്ലോക്കിന്റെ ചുമതലയുള്ളവര്‍ കരാറുകാരനോട് പറയുകയായിരുന്നു. തുടര്‍ന്ന് രജിസ്ട്രാറുമായി വിഷയം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നാലു മണിയോടെ കൊണ്ടു വന്ന മൂന്ന് ലോഡ് സാധനങ്ങള്‍ ഇറക്കി വയ്ക്കുകയായിരുന്നു. ഒരു ദിവസം 16 ലോഡെങ്കിലും ഇറക്കിയാല്‍ മാത്രമേ സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ സാധിക്കൂവെന്ന് കരാറുകാരന്‍ പറഞ്ഞു.
21ന് പെരിയയിലെ ഇക്കണോമിക്‌സ് ഡിപാര്‍ട്ട്‌മെന്റിലെ സാധനങ്ങള്‍ കരാറുകാരന്‍ എടുക്കാന്‍ പോയപ്പോള്‍ ഡിപാര്‍ട്ട്‌മെന്റ് അനുവദിച്ചില്ല. തുടര്‍ന്ന് വിദ്യാനഗറില്‍ നിന്നും പെരിയയില്‍ നിന്നും അഞ്ച് ലോഡ് കയറ്റി കാംപസിലെത്തിയെങ്കിലും ഗംഗോത്രി ബ്ലോക്കിന്റെ താക്കോല്‍ ലഭിച്ചിരുന്നില്ല. നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാതെ പണി തുടരാന്‍ കഴിയില്ലെന്ന് കാണിച്ച് കരാറുകാരന്‍ രജിസ്ട്രാര്‍ക്കും വൈസ് ചാന്‍സലര്‍ക്കും മെയില്‍ അയച്ചിരുന്നു.
250 ലോഡ് സാധനം പെരിയ ബ്ലോക്കില്‍ പത്ത് ദിവസത്തിനുള്ളില്‍ എത്തിക്കണമെങ്കില്‍ ഒരു ദിവസം 25 ലോഡെങ്കിലും മാറ്റേണ്ടതുണ്ട്. മൂന്ന് ദിവസം കൊണ്ട് 74 തൊഴിലാളികളുമായെത്തിയ തങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കാതെ പണി തുടരാനാവില്ലെന്ന്  കരാറുകാരന്‍ പറയുന്നു. വിവിധ കാംപസുകളിലെ എസി, കംപ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍, ഫയലുകള്‍ തുടങ്ങിയവ കേന്ദ്രസര്‍വകലാശാലയുടെ ആസ്ഥാനമായ പെരിയയിലെ വിവിധ കാംപസുകളിലേക്ക് മാറ്റാനായിരുന്നു കരാര്‍ ഏറ്റെടുത്തത്. ഇന്നലെ വൈകിട്ട് യൂനിവേഴ്‌സിറ്റി അധികൃതര്‍ ബേക്കല്‍ പോലിസിന്റെ സഹായം തേടിയിട്ടുണ്ട്.

RELATED STORIES

Share it
Top