കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായുള്ള പ്രക്ഷോഭം ശക്തമാക്കും : രമേശ് ചെന്നിത്തലതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായുള്ള സമരപരിപാടികള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. മോദി സര്‍ക്കാര്‍ കന്നുകാലി നിരോധനംവഴി ജനങ്ങളെ ദ്രോഹിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ മദ്യമൊഴുക്കിയാണ് കേരള ജനതയെ വഞ്ചിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരുസര്‍ക്കാരുകളുടേയും ജനദ്രോഹനടപടികള്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും. ഇതിന്റെ ഭാഗമായി 15ന് സംസ്ഥാന വ്യാപകമായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണകള്‍ നടക്കും.  ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാര്‍ക്കില്‍ പ്രതിപക്ഷനേതാവ് നിര്‍വഹിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ ജൂലൈ 1 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തിനെതിരേ ജൂലൈ 1ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലും മറ്റുജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലും വമ്പിച്ച പ്രതിഷേധ ധര്‍ണകള്‍ നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യോഗത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ്, ജില്ലയിലെ എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, കോണ്‍ഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും നേതാക്കള്‍ സംബന്ധിച്ചു.—

RELATED STORIES

Share it
Top