കേന്ദ്ര ബജറ്റ്: പാര്‍ലമെന്റ് പ്രക്ഷുബ്ധമാക്കാന്‍ തെലുഗുദേശം പാര്‍ട്ടി

ന്യൂഡല്‍ഹി: 2018-19 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ എന്‍ഡിഎയില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍. കേന്ദ്ര ബജറ്റിനെതിരേ എന്‍ഡിഎയിലെ പ്രമുഖ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) ഉയര്‍ത്തിയ കലാപം താല്‍ക്കാലികമായി കെട്ടടങ്ങി. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. മുന്നണി വിടുന്നതുപോലുള്ള കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് അഭ്യര്‍ഥിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചിരുന്നു. മുന്നണിയില്‍ തുടരുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനായി പാര്‍ട്ടിയുടെ സുപ്രധാന യോഗം ചേരുന്നതിന് തൊട്ടു മുമ്പാണ് അമിത് ഷാ നായിഡുവിനെ വിളിച്ചതെന്നാണ് റിപോര്‍ട്ട്. കേന്ദ്ര ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചുവെന്ന് ആരോപിച്ച് ടിഡിപി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് ഇന്നലെ ടിഡിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്. ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് തല്‍ക്കാലം മുന്നണി വിടേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനം. അതേസമയം, കേന്ദ്ര സര്‍ക്കാരിനെ പരമാവധി സമ്മര്‍ദത്തിലാക്കാന്‍ പാര്‍ലമെന്റില്‍ കഴിയാവുന്ന തരത്തില്‍ ബഹളമുണ്ടാക്കണമെന്നാണ് നായിഡു പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2014ലെ ആന്ധ്രപ്രദേശ് പുനസ്ഥാപന നിയമപ്രകാരം ലഭിക്കേണ്ട ഫണ്ട് സംസ്ഥാനത്തിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പരമാവധി സമ്മര്‍ദത്തിലാക്കാനാണ് ടിഡിപിയുടെ പദ്ധതി. പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയോ പുറത്താക്കുകയോ ചെയ്യുന്നത് വരെ സഭയ്ക്കുള്ളില്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനം. കേന്ദ്ര വ്യോമയാന മന്ത്രിയും ടിഡിപി നേതാവുമായ അശോക് ഗജപതി രാജു ഒഴികെ കേന്ദ്ര ശാസ്ത്രസാങ്കേതിക സഹമന്ത്രി വൈ എസ് ചൗധരി അടക്കം പാര്‍ട്ടിയുടെ മുഴുവന്‍ എംപിമാരും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. നമുക്ക് വിവാഹമോചനത്തെക്കുറിച്ചല്ല, വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്നുമായിരുന്നു മന്ത്രി ചൗധരി സഖ്യം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന്റ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് എങ്ങനെയാണെന്നതു സംബന്ധിച്ച് പാര്‍ട്ടി എംപിമാര്‍ക്ക് മുഖ്യമന്ത്രി നായിഡു ചില മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായോ മറ്റു നേതാക്കളുമായോ മുഖ്യമന്ത്രി നായിഡു സംസാരിച്ചിട്ടില്ലെന്നും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിട്ട് തനിച്ചു മല്‍സരിക്കാന്‍ തീരുമാനിച്ച ശിവസേനാ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top