കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഇന്ന് കീഴാറ്റൂരില്‍

തളിപ്പറമ്പ്: വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മിക്കാനുദ്ദേശിക്കുന്ന തളിപ്പറമ്പ് കീഴാറ്റൂരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും. റിസര്‍ച്ച് ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നും നാളെയും കീഴാറ്റൂരിലുണ്ടാവും.
വിശാലമായ വയലും തണ്ണീര്‍ത്തടങ്ങളും പരിശോധിച്ച ശേഷം ബൈപാസിനെതിരേ സമരത്തിലുള്ള വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയില്‍നിന്നും നാട്ടുകാരില്‍നിന്നും തെളിവുകള്‍ ശേഖരിക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ പഠന റിപോര്‍ട്ട് ഇംഗ്ലീഷില്‍ മൊഴിമാറ്റം നടത്തി സംഘത്തിന് നല്‍കിയിട്ടുണ്ട്. കീഴാറ്റൂര്‍ സമര ഐക്യദാര്‍ഢ്യ സമിതി തയ്യാറാക്കിയ റിപോര്‍ട്ട് ഇന്ന് കൈമാറും. ജില്ലാ പരിസ്ഥിതി സമിതി, ജൈവ സംരക്ഷണ സമിതി, ജൈവകൃഷി സമിതി തുടങ്ങിയ നിരവധി സംഘടനകളും നിവേദനം നല്‍കും. നേരത്തെ സമരക്കാരെ പോലിസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ വയലില്‍ സര്‍വേ നടത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിക്കുകയും ചെയ്തു. ഇതിനെതിരേ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കീഴാറ്റൂരില്‍ ബിജെപി നടത്തിയ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു.  സമരം ശക്തിയാര്‍ജിച്ച വേളയില്‍ സിപിഎം ഒറ്റപ്പെട്ടതോടെ, ആകാശപാതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ട്ടി പ്രഖ്യാപിക്കുകയുണ്ടായി.
പൊതുമരാമത്ത് മന്ത്രി കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കീഴാറ്റൂര്‍ ചര്‍ച്ചയായിരുന്നില്ല. ഒടുവില്‍ ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരിസ്ഥിതി മന്ത്രാലയം ഉദ്യോഗസ്ഥരെ കീഴാറ്റൂരിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ദേശീയപാത അതോറിറ്റി, സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടാവും.

RELATED STORIES

Share it
Top