കേന്ദ്ര നിലപാട് സിപിഎം കേരള നേതൃത്വത്തിന് കീറാമുട്ടി

കെ സനൂപ്
തൃശൂര്‍: മാണിയെയും ബാലകൃഷ്ണപ്പിള്ളയെയും കൂട്ടി ഇടതുമുന്നണി വിപുലീകരിക്കാനുള്ള സിപിഎം കേരള നേതൃത്വത്തിന്റെ നീക്കത്തിന് കേന്ദ്ര നേതാക്കളുടെ നിലപാട് കീറാമുട്ടിയാവാന്‍ സാധ്യത. സിപിഐയുടെ എതിര്‍പ്പിനൊപ്പം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരുടെ നിലപാടാണ് കേരളത്തിലെ പുതിയ കുറുമുന്നണി രൂപീകരണത്തിന് വിലങ്ങുതടിയാവുന്നത്. അഴിമതിയുടെ നിഴലിലുള്ള നേതാക്കളെ മുന്നണിയിലേക്കു കൊണ്ടുവരില്ലെന്ന് ഇരുവരും പ്രഖ്യാപിച്ചു.
മാണിയെയും ആര്‍ ബാലകൃഷ്ണ പിള്ളയെയും വേദിയിലിരുത്തിയാണ് എസ് രാമചന്ദ്രന്‍പിള്ള നിലപാട് കര്‍ശനമാക്കിയത്. ഏതു കക്ഷിയെ ഉള്‍പ്പെടുത്തണം, ഉള്‍പ്പെടുത്തേണ്ട എന്ന് അന്തിമമായി തീരുമാനിക്കുന്നത് ഇടതുമുന്നണിയാണെന്നും എസ്ആര്‍പി വ്യക്തമാക്കി.
കേന്ദ്രതലത്തില്‍ ഇടതുചേരിക്കൊപ്പമുള്ള ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും യുഡിഎഫില്‍ എത്രകാലം നില്‍ക്കുമെന്നു കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിപുലീകരണം സംബന്ധിച്ചുള്ള രണ്ടുപേരുടെയും നിലപാട് വ്യക്തമാക്കല്‍ അഴിമതിയുടെ കരിനിഴലിലുള്ള കെ എം മാണിക്കും ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും എല്‍ഡിഎഫിലേക്കുള്ള വാതിലടയ്ക്കലിന് തുല്യമാണ്. എല്‍ഡിഎഫിന്റെ ഭദ്രതയ്ക്ക് യാതൊരു കോട്ടവുമില്ലെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പിറകെ പോയി കുറുക്കുവഴികളിലൂടെയുള്ള ശ്രമങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കെ എം മാണിയെയും ആര്‍ ബാലകൃഷ്ണ പിള്ളയെയും എസ് രാമചന്ദ്രന്‍ പിള്ളയെയും വേദിയിലിരുത്തി പ്രഖ്യാപിച്ചു.
എന്നാല്‍, ഇവരുടെ നിലപാട് വിശദീകരണത്തോടെ മുന്നണി മാറുന്നതിനെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാതെയായിരുന്നു മാണിയുടെ പ്രസംഗം. എകെജിക്ക് ആദരാഞ്ജലി അര്‍പ്പിച്ചും 1957ലെ ഇഎംഎസ് സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തിയും തുടങ്ങിയ മാണി പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടം വാങ്ങുന്ന നടപടിയെ കണക്കുകള്‍ നിരത്തി തന്നെ പരിഹസിച്ചു. മാണിയെ മുന്നണിയിലെടുക്കുന്നതിനെച്ചൊല്ലി സിപിഐയെ വെറുപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് മുതിര്‍ന്ന പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി. മാണിയെയും ആര്‍ ബാലകൃഷ്ണ പിള്ളയെയും മുന്നണിയിലെടുക്കാന്‍ തീരുമാനമെടുക്കണമെന്നും സിപിഐയുടെ നിലപാട് ഗൗനിക്കേണ്ടതില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടിലെ ഭാഗം ഈ സാഹചര്യത്തില്‍ പാഴ്‌വാക്കായി.
മാണിയെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന് മുമ്പ് പോളിറ്റ്ബ്യൂറോ തീരുമാനിച്ചതാണെന്നും സംസ്ഥാന സമ്മേളനം ചര്‍ച്ചചെയ്യേണ്ടതില്ലെന്നുമുള്ള വിഎസിന്റെ കത്തും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്.

RELATED STORIES

Share it
Top