കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ഇന്ന്ചങ്ങനാശ്ശേരി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള കുറിച്ചി ഹോമിയോപ്പതി റിസര്‍ച്ച്് ഇന്‍സ്റ്റിറ്റിയൂട്ടിനെ ദേശീയ നിലവാരമുള്ള നാഷനല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം ഇന്നു വൈകീട്ട് അഞ്ചിന് കേന്ദ്ര സഹമന്ത്രി ശ്രീപദ് നായിക് നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ കെ ശൈലജ മുഖ്യാതിഥിയാവും. സി എഫ് തോമസ് എംഎല്‍എ, കേന്ദ്ര ആയൂഷ് ഡിപാര്‍ട്ട്‌മെന്റ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ത്രിതല പഞ്ചായത്തു ജനപ്രതിനിധികള്‍ സംസാരിക്കും. മനോരോഗ ചികില്‍യ്ക്കുള്ള ഇന്ത്യയിലെ ഏക ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടാണിതെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. 2016 ഒക്ടോബറില്‍ ആയുഷ് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല കമ്മിറ്റിയാണു കുറിച്ചി കേന്ദ്ര ഹോമിയോപ്പതി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ ദേശീയ നിലവാരമുള്ളതായി മാറ്റണമെന്നു സര്‍ക്കാരിനു റിപോര്‍ട്ട് നല്‍കിയത്. ദേശീയ നിലവാരത്തിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഇവിടെ പിജി കോഴ്‌സുകളും പാരാമെഡിക്കല്‍ കോഴ്‌സുകളും ആരംഭിക്കാന്‍ ആയുഷ് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എംഡി (ഹോമിയോ), പിഎച്ച്്ഡി, ബിഎസ്‌സി നഴ്‌സിങ് തുടങ്ങിയ കോഴ്‌സുകളാണ് തുടക്കത്തില്‍ ആരംഭിക്കുക. 100 കിടക്കകള്‍ക്കു പകരം ആശുപത്രിയില്‍ ഇനി മുതല്‍ 200 കിടക്കകളുണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനായി കൈമാറിയ 7.5 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദമായ പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കിവരികയാണ്. നിലവില്‍ 1.78 ഏക്കര്‍ സ്ഥലത്താണു ഹോമിയോ കോളജ് സ്ഥിതി ചെയ്യുന്നത്. പുതിയ മാസ്റ്റര്‍പ്ലാനില്‍ പിജി, ഫാര്‍മസി കോഴ്‌സുകള്‍ എന്നിവയ്ക്കുള്ള കെട്ടിടങ്ങള്‍, റിസര്‍ച്ച് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റലുകള്‍, ഒക്യുപ്പേഷന്‍ തെറാപ്പി, റിഹാബിലിറ്റേഷന്‍ ബ്ലോക്ക് എന്നിവയുമുണ്ടാവും. കൂടാതെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, രോഗികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ചണ്ഡീഗഢിലെയും പോണ്ടിച്ചേരിയിലെയും പിജി ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കു സമാനമായ നിലവാരത്തില്‍ കുറിച്ചിയിലെ സ്ഥാപനവും മാറുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.

RELATED STORIES

Share it
Top