'കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലറുടെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം'

തിരുവനന്തപുരം: കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരേ നടത്തുന്ന രാഷ്ട്രീയ പകപോക്കല്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് എകെജിസിടി സംസ്ഥാനസമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചിന്തിക്കുന്നവരെയും പ്രതികരിക്കുന്നവരെയും അടിച്ചമര്‍ത്താന്‍ അഖിലേന്ത്യാതലത്തില്‍ തീവ്രവലതുപക്ഷം പ്രയോഗിക്കുന്ന അതേ ആയുധങ്ങള്‍ തന്നെ കേന്ദ്ര സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും പ്രയോഗിക്കുന്നത് യാദൃച്ഛികമെന്നു കരുതാന്‍ കഴിയില്ല. 4000ലധികം പേരെ ഉള്‍ക്കൊള്ളുന്ന കാംപസ് എന്ന നിലയില്‍ ആളുകള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അക്കാദമികം, അച്ചടക്കം, മനുഷ്യാവകാശം തുടങ്ങി ഏതു പ്രശ്‌നങ്ങളെയും കൈകാര്യം ചെയ്യാനുള്ള ഔപചാരിക സംവിധാനങ്ങള്‍ സര്‍വകലാശാലകള്‍ക്കുണ്ട്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇടയിലുണ്ടാവുന്ന പ്രശ്‌നങ്ങളെ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹരിക്കുകയാണ് ഉദ്ദേശ്യശുദ്ധിയുള്ള വൈസ് ചാന്‍സലര്‍മാര്‍ ചെയ്യേണ്ടത്. എന്നാല്‍, നിലവിലെ വൈസ് ചാന്‍സലര്‍ ചുമതല ഏറ്റതിനു ശേഷം നിസ്സാര പ്രശ്‌നങ്ങള്‍ അതില്‍ ഉള്‍പ്പെട്ടവരുടെ രാ്രഷ്ടീയം നോക്കി ഊതിപ്പെരുപ്പിക്കുകയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഭാവിയെ പൂര്‍ണമായി നശിപ്പിക്കുന്നതരത്തില്‍ നടപടികള്‍ എടുക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. അഖില്‍, അജിത്, അന്നപൂര്‍ണീ വെങ്കിട്ടരാമന്‍ തുടങ്ങിയ വിദ്യാര്‍ഥികളെയും ഒരു അധ്യാപകനെയും ഈയിടെയാണ് സര്‍വകലാശാല പുറത്താക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ആന്ധ്രപ്രദേശില്‍ നിന്നുള്ള ദലിത് വിദ്യാര്‍ഥിയായ ജി നാഗരാജുവിനെ കള്ളക്കേസില്‍പ്പെടുത്തി ജയിലില്‍ തള്ളിയത്. ഒരു അഗ്‌നിശമന ഉപകരണത്തിന്റെ 200 രൂപ വിലമതിക്കുന്ന ഒരു ചില്ല് പൊട്ടിച്ചു എന്നതാണു കുറ്റം. ഇതിനെതിരേ വളരെ മാന്യമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച അധ്യാപകനായ പ്രഫ. പ്രസാദ് പന്ന്യത്തെ ചുമതലകളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയില്‍ ആരുടെയും ഏകാധിപത്യം അംഗീകരിക്കാന്‍ കഴിയില്ല. അത്തരം പ്രവണതകളില്‍ നിന്നു സര്‍വകലാശാലാ അധികാരികള്‍ പിന്‍മാറണമെന്നും അല്ലാത്തപക്ഷം ബഹുജനപ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എകെജിസിടി പ്രസിഡന്റ് ഡോ. എന്‍ മനോജും ജനറല്‍ സെക്രട്ടറി ഡോ. കെ കെ ദാമോദരനും പ്രസ്താവനയില്‍ പറഞ്ഞു.

RELATED STORIES

Share it
Top