കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അവഹേളിച്ചു: കെജ്‌രിവാള്‍

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ പരസ്യമായി അവഹേളിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് കെജ്‌രിവാള്‍ കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കേന്ദ്രം കോടതി നിര്‍ദേശങ്ങള്‍ തിരസ്‌കരിക്കുകയാണ്്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച അധികാരം ഡല്‍ഹി സര്‍ക്കാരിനു വിട്ടുനല്‍കാന്‍ ലഫ്. ഗവര്‍ണര്‍ തയ്യാറായില്ല. ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ ചുമതല 2015ല്‍ ആഭ്യന്തരവകുപ്പ് ലഫ്. ഗവര്‍ണര്‍ക്കാണ് നല്‍കിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പിന്റെ അധികാരം വിട്ടുകൊടുക്കാന്‍ അനില്‍ ബെയ്ജാല്‍ വിമുഖത കാട്ടിയത്. എന്നാല്‍, സുപ്രിംകോടതി ലഫ്. ഗവര്‍ണറുടെ അധികാരപരിധി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഭൂമി, പോലിസ്, പൊതു ഉത്തരവുകള്‍ എന്നിവയിലല്ലാതെ മറ്റു വിഷയങ്ങളില്‍ ഇടപെടാന്‍ ലഫ്. ഗവര്‍ണര്‍ക്ക് അധികാരമില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം രാജ്യത്ത് അരാജകത്വത്തിനു വഴിയൊരുക്കുമെന്നും കെജ്‌രിവാള്‍ മുന്നറിയിപ്പു നല്‍കി.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിക്കുന്നത്. ഇത് ഒരു മോശം കീഴ്‌വഴക്കത്തിനു വഴിയൊരുക്കും. ഡല്‍ഹി സര്‍ക്കാരിനെ ഒരുതരത്തിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന ലക്ഷ്യമാണു കേന്ദ്രസര്‍ക്കാരിനുള്ളതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍, സുപ്രിംകോടതി ഉത്തരവ് വന്നശേഷം സര്‍വീസ് വകുപ്പിന്റെ ഉത്തരവാദിത്തം ലഫ്. ഗവര്‍ണറില്‍ തന്നെയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നു ലഭിച്ചിരിക്കുന്ന ഉപദേശമെന്ന് അനില്‍ ബെയ്ജാലിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പി ല്‍ പറയുന്നു. അതിനാല്‍ 2015 മെയ് 21ലെ ഇതുസംബന്ധിച്ച ഉത്തരവ് തുടരുമെന്നും ലഫ്. ഗവര്‍ണര്‍ പറയുന്നു.
ഉത്തരവിലൂടെ തങ്ങള്‍ക്ക് ഉറപ്പിച്ചുകിട്ടിയ അധികാരം ഉപയോഗിച്ച് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ലഫ്. ഗവര്‍ണറുടെ എതിര്‍പ്പു മറികടന്നാണ് റേഷന്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ലഫ്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തങ്ങള്‍ എല്ലാവരും ഡല്‍ഹിയുടെ വികസനത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നാണ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തത്. ഡല്‍ഹിയുടെ സല്‍ഭരണത്തിനും സമഗ്ര വികസനത്തിനുമായി എല്ലാ സഹകരണവും പിന്തുണയും കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ഉറപ്പുനല്‍കിയെന്ന് ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ട്വീറ്റ് ചെയ്തു.

RELATED STORIES

Share it
Top