കേന്ദ്രസര്‍ക്കാര്‍ വിസമ്മതത്തെ അടിച്ചമര്‍ത്തുന്നു: പ്രശാന്ത് ഭൂഷണ്‍

കോഴിക്കോട്: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ രീതിയിലുള്ള വിസമ്മതത്തെ പോലും അടിച്ചമര്‍ത്തുകയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ്‍. സെന്റര്‍ ഓഫ് റിസര്‍ച്ച് ആന്റ് എജ്യൂക്കേഷന്‍ ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍(ക്രസ്റ്റ്) അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ‘ഇന്ത്യയിലെ ജനാധിപത്യവും നീതിന്യായ സംവിധാനവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ രാജ്യത്ത് നിരന്തരം ലംഘിക്കപ്പെടുന്നു. ദലിതരും യുക്തിവാദികളും സ്വതന്ത്ര ചിന്തകരും കൊല്ലപ്പെടുന്നു. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ 500 വ്യാജ ഏറ്റുമുട്ടലുകളുണ്ടായി. മോദി സര്‍ക്കാരിന് കീഴില്‍ എല്ലാ പരിഷ്‌കൃത മൂല്യങ്ങളും അപകടത്തിലാണ്. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടെയും സംരക്ഷകരാവേണ്ട കോടതികളുടെ സ്വതന്ത്രമായ നിലനില്‍പ്പും ഇന്ന് ഭീഷണി നേരിടുന്നു.
നീതിന്യായ വ്യവസ്ഥ സ്വതന്ത്രമല്ലെങ്കില്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലാവും. സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തലുകള്‍ നടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. നീതിപീഠത്തിന്റെ വിശ്വാസ്യത ഇല്ലാതാകുന്നതും ജഡ്ജിമാരുടെ നിയമനത്തിലെ സ്വജനപക്ഷപാതിത്വവും കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതും നമ്മുടെ നീതിന്യായ സംവിധാനത്തെ തകര്‍ക്കും.
സിബിഐ ഉള്‍പ്പടെയുള്ള കേന്ദ്ര അന്വഷണ ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയാണ്. സര്‍വകലാശാലകളെയും യുജിസിയെയും രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്രം ദുരുപയോഗം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.  ക്രസ്റ്റ് എക്‌സിക്കുട്ടീവ് ഡയരക്ടര്‍ പ്രൊ. ഡി ഡി നമ്പൂതിരി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top