കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നു: കാനം രാജേന്ദ്രന്‍

വൈക്കം: വിദ്യാഭ്യാസത്തെ കാവിവല്‍കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈക്കത്ത് സി കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഴങ്കഥകളെയും മിത്തുകളെയും ചരിത്രമാക്കി യുക്തിചിന്തയെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യം പറയുന്നവരെ അടിച്ചമര്‍ത്തുന്ന സ്ഥിതിയാണ് ഇന്ത്യയില്‍. പുതിയ കാലഘട്ടത്തില്‍ ബിജെപിയോട് ജനങ്ങള്‍ അകലുന്നതിന്റെ ശുഭസൂചനയാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സംഘ്പരിവാറിനെതിരെ വിശാലമായ മതേതര രാഷ്ട്രീയ ഐക്യം കെട്ടിപ്പെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം പറത്തു. കയ്യേറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ സര്‍ക്കാര്‍ ഉണര്‍ന്നിരിക്കും.  അവിടെ സ്ഥാനമാനങ്ങള്‍ക്കൊന്നും വിലയുണ്ടായിരിക്കില്ല. കയ്യേറ്റക്കാരുമായി യാതൊരു സന്ധിയും ഇല്ലായെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പറഞ്ഞിട്ടുണ്ട്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ച യോഗത്തില്‍ എഐഎസ്എഫ് നേതാവ് കനയ്യ കുമാറിന് സി കെ വിശ്വനാഥന്‍ സ്മാരകപുരസ്‌കാരം കാനം രാജേന്ദ്രന്‍ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, മന്ത്രി പി തിലോത്തമന്‍, സി കെ ശശിധരന്‍, പി കെ കൃഷ്ണന്‍, ടി എന്‍ രമേശന്‍, സി കെ ആശ എംഎല്‍എ, കെ ഡി വിശ്വനാഥന്‍, ടി എം സദന്‍, പി കെ മേദിനി  സംസാരിച്ചു.

RELATED STORIES

Share it
Top