കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണനിക്ഷേപ പദ്ധതി പരാജയമെന്ന് പഠനംഅഹ്മദാബാദ്: കേന്ദ്രസര്‍ക്കാരിന്റെ സ്വര്‍ണനിക്ഷേപ പദ്ധതി ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പഠനം. ജനങ്ങള്‍ക്കിടയിലെ ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് പദ്ധതി പരാജയപ്പെടാന്‍ കാരണമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് (ഐഎഫ്എംആര്‍) അഹ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഇന്ത്യാ ഗോള്‍ഡ് പോളിസി സെന്ററിന്റെ (ഐജിപിസി) സഹായത്തോടെ നടത്തിയ ഗവേഷണ റിപോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയിലെ കോലാപൂര്‍, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പശ്ചിമബംഗാളിലെ ഹൂഗ്ലി, ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ എന്നീ ജില്ലകളിലെ ആയിരം പേരില്‍ നിന്നാണ് ഇതുസംബന്ധിച്ച അഭിപ്രായം തേടിയത്.  ഇവരില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ സ്വര്‍ണനിക്ഷേപ പദ്ധതിയെ കുറിച്ചറിയാവുന്നതെന്ന് ഐജിപിസി മേധാവി പ്രഫ. അരവിന്ദ് സഹായ് പറഞ്ഞു. സ്വര്‍ണം പണമാക്കല്‍ പദ്ധതി, സ്വര്‍ണബോണ്ട് പദ്ധതി എന്നിവയായിരുന്നു സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നത്. ഇതൊന്നും ജനങ്ങള്‍ക്ക് അറിയില്ല എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഈ പദ്ധതികള്‍ ജനപ്രിയമാക്കാന്‍ വിപണനശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തണമെന്ന് സഹായ് പറഞ്ഞു. ഏതാണ്ട് 15,000 ടണ്‍ സ്വര്‍ണം ആഭരണങ്ങളുടെ രൂപത്തില്‍ ജനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. മതിയായ വിവരങ്ങള്‍ ലഭിച്ചാല്‍ സ്വര്‍ണ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ ഒരുക്കമാണെന്നും സഹായ് പറഞ്ഞു.

RELATED STORIES

Share it
Top