കേന്ദ്രസംഘവുമായി യുഡിഎഫ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധിസംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്രപ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. ഇന്നലെ രാവിലെ പ്രതിനിധി സംഘം താമസിക്കുന്ന ഹില്‍ട്ടന്‍ ഹോട്ടലിലെത്തിയാണ് സംഘം നിവേദനം നല്‍കി ചര്‍ച്ച നടത്തിയത്.
മുന്‍ മന്ത്രിമാരായ ഷിബു ബേബി ജോണ്‍, സുരേന്ദ്രന്‍ പിള്ള, ആസൂത്രണ ബോര്‍ഡ് മുന്‍അംഗവും സിഎംപി നേതാവുമായ സി പി ജോണ്‍, മുസ്്‌ലിം ലീഗ് നേതാവ് ബീമാപ്പള്ളി റഷീദ്, ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന  പ്രസിഡന്റ് റാം മോഹന്‍, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, എം വിന്‍സന്റ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. അരമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ഓഖി ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തൃപ്തികരമല്ലെന്നും വീഴ്ച പറ്റിയെന്നും യുഡിഎഫ് സംഘം ചൂണ്ടിക്കാട്ടി. കേന്ദ്ര സംഘം തീരമേഖലകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ റവന്യൂ മന്ത്രിയും ഫിഷറീസ് മന്ത്രിയും ഒപ്പമുണ്ടായിരുന്നില്ല. കേന്ദ്രസംഘത്തെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹസന്‍ കുറ്റപ്പെടുത്തി. തീരദേശങ്ങളില്‍ സുനാമി പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തര സുരക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഓഖി ദുരന്തത്തിന്റെ തീവ്രത കൂട്ടിയത്.
അപകട മുന്നറിയിപ്പായി ചുവന്ന കൊടി കാണിക്കുന്നത് പോലുള്ള നിസ്സാരകാര്യങ്ങള്‍ പോലും അവഗണിക്കപ്പെട്ടു. പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിലവാരമില്ലായ്മയില്‍ യുഡിഎഫ് പ്രതിനിധി സംഘം ആശങ്ക  പ്രകടിപ്പിച്ചു. അതേസമയം, ഓഖി ദുരന്തത്തില്‍ കാണാതായവരുടേതും മരിച്ചവരുടേതും അടക്കമുള്ള വീടുകള്‍ നടി മഞ്ജു വാര്യര്‍ സന്ദര്‍ശിച്ചു. രാവിലെ 11ന് പൂന്തുറയിലെത്തിയ താരം ഒരു മണിക്കൂര്‍ ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. പരാതികള്‍ കേട്ട നടി, ഇക്കാര്യം അധികൃതരെ അറിയിക്കുമെന്നും പറഞ്ഞു.

RELATED STORIES

Share it
Top