കേന്ദ്രസംഘം ഇന്നു മുതല്‍ സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

തിരുവനന്തപുരം: മഹാപ്രളയം സംസ്ഥാനത്തുടനീളം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്രസംഘം ഇന്നു മുതല്‍ സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
നാല് ടീമുകളായി തിരിഞ്ഞ് 24 വരെ സംസ്ഥാനത്തെ ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്രസംഘം പര്യടനം നടത്തും. കൊടിയ ദുരന്തം നേരിട്ട 12 ജില്ലകളിലും കേന്ദ്രസംഘം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തും. 11 പേരടങ്ങുന്ന കേന്ദ്രസംഘത്തിന്റെ ടീം ലീഡര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മയാണ്. ഡോ. ബി രാജേന്ദര്‍, വന്ദന സിംഗാള്‍ എന്നിവരാണ് മറ്റു ടീമംഗങ്ങള്‍. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ടീം സന്ദര്‍ശനം നടത്തുന്നത്. നീതി ആയോഗില്‍ ഉപദേശകനായ ഡോ. യോഗേഷ് സുരിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ടീം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഡോ. ദിനേശ് ചന്ദ്, വി വി ശാസ്ത്രി എന്നിവരാണു ടീം രണ്ടിലെ മറ്റ് അംഗങ്ങള്‍. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ വി ധര്‍മ റെഡ്ഡി, ഗ്രാമവികസന ഡയറക്ടര്‍ ധരംവീര്‍ഝാ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. ആഷൂമാത്തൂര്‍ നയിക്കുന്ന നാലാമത്തെ ടീം എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ സന്ദര്‍ശിച്ച് പ്രളയദുരിതങ്ങള്‍ വിലയിരുത്തും. ടി എസ് മെഹ്റ, അനില്‍കുമാര്‍ സംഘി എന്നിവരടങ്ങുന്നതാണു ടീം നാല്. അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ വിവിധ ജില്ലാ കലക്ടര്‍മാര്‍ ഐഎംടിസിയുടെ നോഡല്‍ ഓഫിസര്‍ ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പ്രളയദുരിതം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസംഘത്തെ ധരിപ്പിക്കും. 24ന് കേന്ദ്രസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തും.

RELATED STORIES

Share it
Top