കേന്ദ്രവും കേരള താല്‍പര്യങ്ങളും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ഫെഡറല്‍ സംവിധാനം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്താണ് അതിനു തുടക്കം കുറിച്ചത്. പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടുള്ള റേഡിയോ പ്രക്ഷേപണത്തില്‍, ഫെഡറലിസത്തിന്റെ ഏറ്റവും വലിയ മാതൃക സൃഷ്ടിച്ചത് തന്റെ ഭരണമാണെന്ന് അവകാശപ്പെടുകയും ചെയ്തു.
മോദി സര്‍ക്കാരിനു കേരളത്തോട് രാഷ്ട്രീയവിരോധമാണെന്നും ഫെഡറല്‍ സംവിധാനത്തെ മാനിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വകക്ഷി പ്രതിനിധി സംഘത്തെ കാണുന്നതിനുള്ള അനുവാദം നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഡല്‍ഹിയിലെ പ്രതിഷേധ സമരം. പ്രധാനമന്ത്രി അവകാശപ്പെട്ടതാകട്ടെ, കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ ഏറ്റവും വലിയ മാതൃക ജിഎസ്ടി നിയമമാണെന്നാണ്. ചരിത്രത്തില്‍ ആദ്യമായി നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതിച്ചെടുക്കുന്നു. ഇതു നടപ്പാക്കാന്‍ കഴിഞ്ഞത് സംസ്ഥാനങ്ങളുടെ സഹകരണം കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണത്തില്‍, നാലു തവണ ശ്രമിച്ചിട്ടും കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തിനു പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നതാണ് മുഖ്യമായ വിഷയം. കേന്ദ്രം എന്നോ പാലക്കാട്ടേക്ക് അനുവദിച്ച കോച്ച് ഫാക്ടറി കടത്തിക്കൊണ്ടുപോകുന്നു എന്നതാണ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത. റെയില്‍വേ മന്ത്രി പോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും സ്റ്റാറ്റിയൂട്ടറി റേഷന്‍ കാര്യത്തിലടക്കം ജനങ്ങളുടെ നിത്യജീവിതത്തെയും സംസ്ഥാനത്തിന്റെ വികസനത്തെയും ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റുമായി ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ടെന്നും പരാതിയുടെ നീണ്ട പട്ടികയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതൊക്കെ വസ്തുതകളാണെന്നും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്-ബിജെപി ഗവണ്മെന്റുകള്‍ കേരളത്തെ അവഗണിച്ചിട്ടുണ്ടെന്നതും ചരിത്രമാണ്. കരയുന്ന കുട്ടികള്‍ക്കു മാത്രം പാലൂട്ടിയപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെട്ടു. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് കേന്ദ്ര അവഗണനയും ഫെഡറലിസത്തിന്റെ ലംഘനവും ചര്‍ച്ചയാക്കുന്നത്. ഫെഡറലിസത്തിന്റെ ലംഘനം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍, അതിന്റെ മഹത്തായ മാതൃക തന്റെ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. സത്യം ആരുടെ പക്ഷത്താണെന്ന് പരിശോധിക്കേണ്ടിവരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാദമുഖങ്ങളെ ആദ്യം മുഖവിലയ്‌ക്കെടുക്കാം. ഏക ബിജെപി എംഎല്‍എയെ അടക്കം ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കാണാന്‍ നാലു തവണ പിണറായി ശ്രമിച്ചു. വകുപ്പുമന്ത്രിമാരെ കണ്ടാല്‍ മതിയെന്ന് പ്രധാനമന്ത്രിയും ശഠിച്ചു. ഇതെന്തൊരു ഫെഡറല്‍ മര്യാദയെന്ന് ചോദിക്കുന്നത് ന്യായമാണ്. അതിനു ബോധ്യപ്പെടുത്തുന്ന മറുപടി കൊടുക്കേണ്ടത് പ്രധാനമന്ത്രിയാണ്.
ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്നു കരുതുന്നതിനു പിന്നില്‍ മറ്റു പല ഉദ്ദേശ്യങ്ങളും കാണുമെന്ന് ഒ രാജഗോപാലിനെക്കൊണ്ട് പ്രതികരിപ്പിച്ച് മുഖ്യമന്ത്രിയുടെ വായ അടപ്പിക്കുകയായിരുന്നില്ല ചെയ്യേണ്ടത്. 'മറ്റു പല' ഉദ്ദേശ്യങ്ങളും എന്ന രാജഗോപാലിന്റെ ദുസ്സൂചന വിശദീകരിച്ച് ജനങ്ങളുടെ സംശയം ദൂരീകരിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരുപോലെയുണ്ട്.
ഇടത് എംപിമാരുടെ പ്രതിഷേധ ധര്‍ണയില്‍ പങ്കാളിയായ മുഖ്യമന്ത്രി കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പത്രസമ്മേളനം വിളിച്ച് മോദിക്ക് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം അക്കമിട്ട് വിശദീകരിച്ചു. വളച്ചുകെട്ടാതെ പറയുന്ന ശീലമുള്ള പിണറായി തന്റെ വാദം തന്നെ പൊളിക്കുന്ന ഒരു കാര്യം ഇടയ്ക്ക് വെളിപ്പെടുത്തിയതായി കാണുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എന്ന നിലയില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തിനോ സമ്പര്‍ക്കത്തിനോ കൂടിക്കാഴ്ചയ്‌ക്കോ തടസ്സമുണ്ടാകാറില്ലെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നു.
ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം എന്തൊരു ഊഷ്മളമായ അനുഭവമാണ് പിണറായി മോദിയെപ്പറ്റി പങ്കുവച്ചത്! അതുകൂടി ഓര്‍ത്താല്‍ മോദിക്ക് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം പിണറായിയോട് ഇല്ലെന്നു വ്യക്തമാകും. സ്വന്തം വീടു പോലെ തന്റെ ഔദ്യോഗിക വസതിയെ കരുതാമെന്ന് മോദി പറഞ്ഞതായി വെളിപ്പെടുത്തിയത് പിണറായി തന്നെ.
ആ നില കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രി മോദിയും തമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ മോദിക്കെതിരേ അദ്ദേഹം നിരത്തിയ വിമര്‍ശനശരങ്ങള്‍ക്ക് മുനയെവിടെയാണ് എന്ന ചോദ്യമുയരുന്നു. രാഷ്ട്രീയമായി കേരളത്തോട് വിരോധവും വെറുപ്പും പുലര്‍ത്തുന്ന പ്രധാനമന്ത്രി മോദിയുമായി നീണ്ട രണ്ടു വര്‍ഷക്കാലം അടുത്ത ബന്ധം സൂക്ഷിക്കാന്‍ പിണറായിക്കു സാധിക്കുന്നതിന്റെ രാഷ്ട്രീയമെന്താണ്? ഈ സംശയം ഏറെ പ്രസക്തമാണ്.
മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള പ്രതിപക്ഷത്തായിരുന്ന ഇഎംഎസിനോട് നടത്തിയ അഭ്യര്‍ഥന നല്ലൊരു താരതമ്യമാണ്. 'നമുക്ക് നല്ല സുഹൃത്തുക്കളാകാന്‍ കഴിയും' എന്ന് പട്ടം പറഞ്ഞപ്പോള്‍ 'അതെങ്ങനെയെന്ന് എനിക്ക് മനസ്സിലായില്ല' എന്നായിരുന്നു ഇഎംഎസ് കൊടുത്ത മറുപടി. ഇപ്പോള്‍ കേരളത്തെയും അതിന്റെ സര്‍വകക്ഷി പ്രതിനിധിസംഘത്തെയും രാഷ്ട്രീയമായി വെറുക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുമായി ഇത്രയും നല്ല ബന്ധവും സൗഹൃദവും എങ്ങനെയെന്ന് കേരളീയര്‍ക്കാണ് മനസ്സിലാകാത്തത്.
മുഖ്യമന്ത്രിയുടെ രണ്ടു നിലപാടുകളും പരസ്പരവിരുദ്ധമാണ്. മാത്രമല്ല, ബിജെപിയുടെ മുന്‍ പ്രസിഡന്റായിരുന്ന മന്ത്രി നിതിന്‍ ഗഡ്കരി തൊട്ട് മോദിയുടെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി 'പിണറായി സാറി'നെ ഏറെ ആദരിക്കുന്നു. അദ്ദേഹം പറയുന്നതെന്തും ചെയ്തുകൊടുക്കുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിച്ച ദിവസം കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനെ കണ്ട മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞതു നോക്കൂ: ''യോഗം ഫലപ്രദമായിരുന്നു. കണ്ണൂര്‍ വിമാനത്താവളം സപ്തംബറില്‍ തന്നെ പ്രവര്‍ത്തനസജ്ജമാകും.''
പ്രധാനമന്ത്രി സര്‍വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ വിസമ്മതിച്ചതിനാണ് മുഖ്യമന്ത്രി കോപിച്ചത്. എന്നാല്‍, പ്രതിഷേധം മറ്റു കക്ഷികളെക്കൂടി ചേര്‍ത്ത് കൂട്ടായി നടത്തണമെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തോന്നിയില്ല. ഇടതുപക്ഷ പ്രതിഷേധം കഴിഞ്ഞ് മറ്റൊരു ദിവസമാണ് യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചത്. ഫെഡറല്‍ തത്ത്വവും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭരണഘടനാ മൂല്യവും മറ്റുള്ളവര്‍ പാലിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി സിദ്ധാന്തിക്കുന്നു.
കോണ്‍ഗ്രസ് ഭരണത്തില്‍ കേന്ദ്രത്തിന്റെ അവഗണന തുടര്‍ച്ചയായി നേരിട്ട കേരളത്തിന് കോച്ച് ഫാക്ടറി അനുവദിച്ചത് ഇന്ദിരാ ഗാന്ധി ആയിരുന്നു. രാജീവ് ഗാന്ധിയാണ് ആദ്യം അത് പഞ്ചാബ് പാക്കേജില്‍ നഷ്ടപ്പെടുത്തിയത്. പിന്നീട് യുപിഎ ഗവണ്മെന്റിന്റെ കാലത്ത് കേരളത്തിന്റെ പ്രതീക്ഷകള്‍ പൂത്തു. ഇടതു പാര്‍ട്ടികളുടെ പിന്തുണയോടെ ഭരിച്ച യുപിഎ ഗവണ്മെന്റിന്റെ കാലത്ത് കേരളം ഭരിച്ച ഇടതു ഗവണ്മെന്റിനോ യുപിഎ ഗവണ്മെന്റിനോ അതു സാധിച്ചില്ല. കേരളത്തിലെ ഇടതുപക്ഷത്തിനു കേന്ദ്ര ബജറ്റ് സമ്മേളന കാലയളവില്‍ പോലും റെയില്‍വേയുടെ അവഗണനയ്‌ക്കെതിരേ ഫലപ്രദമായ സമരത്തിനു മുതിരാന്‍ കഴിഞ്ഞില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന സഹകരണ ഫെഡറലിസവും യാഥാര്‍ഥ്യവും തമ്മില്‍ പുലബന്ധമില്ലെന്നതിന്റെ ഉദാഹരണമാണ് ജമ്മു-കശ്മീരില്‍ തങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ പിഡിപി മന്ത്രിസഭയെ താഴെ വീഴ്ത്തിയത്. ബിജെപിക്കു സ്വാധീനമുള്ള ജമ്മുവിലെയും ലഡാക്കിലെയും വികസനത്തിനു മുഖ്യമന്ത്രി മെഹ്ബൂബ എതിരുനിന്നെന്ന് ആരോപിച്ച് ഹിന്ദുത്വവികാരം അവിടെ ജ്വലിപ്പിക്കുകയാണ്.        ി

(വള്ളിക്കുന്ന്ഓണ്‍ലൈന്‍.
വേര്‍ഡ്പ്രസ്.കോം)

RELATED STORIES

Share it
Top