കേന്ദ്രമന്ത്രി ആയതു കൊണ്ട് എന്തും വിളിച്ചു പറയാന്‍ പാടില്ലെന്ന് പീയുഷ് ഗോയലിനെതിരേ പിണറായി

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനെ കാണാന്‍ അനുമതി ചോദിച്ചുവെന്നും എന്നാല്‍ സമയം അനുവദിച്ചില്ലെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഡല്‍ഹി സന്ദര്‍ശനവേളയില്‍ റെയില്‍വേ മന്ത്രിയെ കാണുന്ന കാര്യം മനസില്‍പ്പോലും വിചാരിച്ചിരുന്നില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നവുമായി ബന്ധപ്പെട്ടു റെയില്‍വേ മന്ത്രിക്കു കത്തുകള്‍ അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാരുമായി നിരവധി തവണ ബന്ധപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് എംപി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ റെയില്‍വേയുടെ കൈയ്യിലാണ്. ഇക്കാര്യമെല്ലാം അവഗണിച്ചു കോച്ച് ഫാക്ടറി വേണ്ടെന്നു വച്ച കേന്ദ്ര സര്‍ക്കാറിന്റെ നിലപാടിനെതിരായ പ്രതിഷേധമാണു റെയില്‍ ഭവനു മുന്നില്‍ നടത്തിയ ധര്‍ണ. സമരം ഉദ്ഘാടനം ചെയ്യാന്‍ പോയിരുന്നു. അതല്ലാതെ മന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഇക്കാര്യം മാധ്യമങ്ങള്‍ക്കും അറിയാവുന്നതാണ്. ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയെന്നാണ് ആദ്യം കരുതിയത്. അത് അദ്ദേഹം ആവര്‍ത്തിക്കുന്നത് ബോധപൂര്‍വമാണ്. കാര്യങ്ങള്‍ മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കണം. കേന്ദ്ര മന്ത്രിയാണെന്നുള്ളതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ പാടില്ല. വായുവില്‍ക്കൂടി പാളം നിര്‍മിക്കാനാവില്ലെന്ന പ്രസ്താവന വിടുവായത്തമാണ്. റെയില്‍വേയ്ക്കായി ഭൂമി ഏറ്റെടുക്കലില്‍ നല്ല പുരോഗതിയാണു കേരളത്തിലുണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളിലെ വസ്തുതകള്‍ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയക്കുമെന്നും പിണറായി അറിയിച്ചു.

RELATED STORIES

Share it
Top