കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: രാജ്യത്തെ മാലിന്യ സംസ്‌കരണം സംബന്ധിച്ച 2016ലെ ഖരമാലിന്യ നിര്‍മാര്‍ജന നിയമത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 845 പേജുള്ള ഭീമന്‍  സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. ഞങ്ങള്‍ക്ക് മാലിന്യം ശേഖരിക്കലല്ല ജോലിയെന്നും ഇത്തരം മാലിന്യങ്ങള്‍ തങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു തള്ളരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. 845 പേജുള്ള സത്യവാങ്മൂലത്തിലും വിവരങ്ങള്‍ അപൂര്‍ണമാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒന്നുമില്ല. ഇതു പരിഗണിക്കാനാവില്ല. ഞങ്ങള്‍ ചോദിച്ച ഗൗരവമുള്ള വിഷയങ്ങളുടെ ഉത്തരം ഇതില്‍ ഇല്ലെന്നു നിങ്ങള്‍ക്ക് തന്നെ അറിയാം. എന്നിട്ട് ഞങ്ങള്‍ അത് ഇതില്‍ കണ്ടുപിടിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. ഭീമന്‍ സത്യവാങ്മൂലം നല്‍കി ഞങ്ങളില്‍ മതിപ്പുണ്ടാക്കാനാണോ നിങ്ങള്‍ ശ്രിമിക്കുന്നതെന്നും കോടതി ചോദിച്ചു.   ഖരമാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരം മാലിന്യ നിര്‍മാര്‍ജന നടപടികള്‍ കൃത്യമായി സ്വീകരിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉപദേശക സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന കാര്യം മൂന്നാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു. രൂപീകരിച്ചിട്ടുണ്ടെങ്കില്‍  സമിതിയിലെ അംഗങ്ങളുടെ പേരടക്കമുള്ള വിശദാംശങ്ങളും സമിതി യോഗം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങളും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഇനി  സത്യവാങ്മൂലം നല്‍കുന്നതിനു പകരം കൃത്യവും ഹൃസ്വവുമായ റിപോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

RELATED STORIES

Share it
Top