കേന്ദ്രത്തിന് താക്കീതായി ഹര്‍ത്താല്‍

പാലക്കാട്: ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിച്ച് സാധരണക്കാരെയടക്കം ദുരിതത്തിലാക്കുന്ന കേന്ദ്ര നിലപാടിനെതിരെ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മോദി സര്‍ക്കാരിനു താക്കീതായി. ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണമായിരുന്നു. നാടും നഗരവും നിശ്ചലമായി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസ് പ്രവര്‍ത്തനം താളംതെറ്റി. പതിവുപോലെ നിര്‍ബന്ധിതാവസ്ഥയില്‍ പലയിടത്തായി യാത്രപോവേണ്ടവര്‍ ബുദ്ധിമുട്ടി. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്താത്തത് യാത്രക്കാരെ വലച്ചു. ലോഡ്ജുകളിലും മറ്റും താമസിക്കുന്നവര്‍ ഭക്ഷണത്തിനും അലയേണ്ടിവന്നു. ഭാരത ബന്ദ് ദിനത്തില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ഹര്‍ത്താലിനോട് അനുബന്ധിച്ച് യുഡിഎഫ് നഗരത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് ഇക്കാര്യത്തില്‍ സമരം നടത്താന്‍ യോഗ്യതയില്ല. യുഡിഎഫ് ചെയര്‍മാന്‍ എ രാമസ്വാമി അധ്യക്ഷത വഹിച്ചു. നഗരത്തില്‍ നടന്ന ഹര്‍ത്താല്‍ അനുകുല പ്രകടനത്തിന് സി ചന്ദ്രന്‍, പി വി രാജേഷ്, ടി എം ചന്ദ്രന്‍, ബി രാജേന്ദ്രന്‍ നായര്‍, കെ ഭവദാസ് നേതൃത്വം നല്‍കി.പട്ടാമ്പി: പട്ടാമ്പി മേഖലയിലും ഹര്‍ത്താല്‍ പൂണമായി. മുന്നണികള്‍ സംയുക്തമായി നടത്തിയ 12 മണിക്കൂര്‍ ഹര്‍ത്താല്‍ അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. ഇരുചക്ര വാഹനങ്ങള്‍ അടക്കം വാഹനങ്ങള്‍ അപൂര്‍വമായേ നിരത്തിലിറങ്ങുന്നുള്ളൂ. പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ഗ്രാമീണ മേഖലകളിലുള്ള വ്യാപാരസ്ഥാപനങ്ങളും ഇന്നലെ തുറന്നില്ല. ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഎം പട്ടാമ്പി ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികളിലും പ്രകടനം സംഘടിപ്പിച്ചു. വൈകീട്ട് കൊടുമുണ്ട മുതല്‍ മുതുതല പഞ്ചായത്ത് വരെ ഡിവൈഎഫ്‌ഐ, ബാലസംഘം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടിയും വാഹനങ്ങളുടെ ടയര്‍ ഉരുട്ടിയും പ്രതിഷേധിച്ചു. ശങ്കരമംഗലം സെന്ററില്‍ ഒഴിഞ്ഞ റോഡില്‍ യുവാക്കള്‍ പന്തുകളിച്ചു. അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ തീര്‍ത്തും സമാധാനപരമായിരുന്നു ഹര്‍ത്താല്‍.ആനക്കര: ഇന്ധന വില വര്‍ധനവിനെതിരെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തൃത്താല ഏരിയയില്‍ പൂര്‍ണം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തില്‍ അപൂര്‍വമായിരുന്നു. എണ്ണ വില വര്‍ധനവില്‍ നാടൊന്നാകെ പ്രതിഷേധിക്കുകയായിരുന്നു ഹര്‍ത്താലിലൂടെ. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.പല്ലശ്ശന: പേട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് പല്ലശ്ശന മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ പ്രകടനം ഒഴുവുപാറയില്‍ നിന്ന് ആരംഭിച്ച് ചിറാക്കോട്ടില്‍ അവസാനിച്ചു. ഐഎന്‍ടിയുസി മണ്ഡഡലം പ്രസിഡന്റ് എസ് ഹനിഫ, രാജേഷ് കുണ്ടുപറമ്പ്, കെ കൃഷ്ണന്‍, എ ജി ശിവരാമകൃഷ്ണന്‍, കെ വിജയലക്ഷമി, പി സി ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top