കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രിംകോടതി

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥി ഒരേസമയം ഒന്നിലധികം മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്നതിനോട് യോജിപ്പില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടറിയിച്ചതോടെ വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ നിലപാട് തേടി.
ഒന്നിലധികം സീറ്റുകളില്‍ ഒരാള്‍ തന്നെ മല്‍സരിക്കുകയും പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം ഒരു സീറ്റിലെ സ്ഥാനം നിലനിര്‍ത്തി ബാക്കിയുള്ളവ രാജിവയ്ക്കുകയും ചെയ്യുന്ന രീതി ചോദ്യംചെയ്യുന്ന പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവേയാണ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.
ഇത്തരം നടപടികള്‍ രാജിവയ്ക്കുന്ന സീറ്റുകളിലെ വോട്ടര്‍മാരോട് ചെയ്യുന്ന അനീതിയാണെന്നു കമ്മീഷന്‍ വ്യക്തമാക്കി. ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്ഥാനം രാജിവയ്ക്കുന്ന ജനപ്രതിനിധിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിനു വേണ്ട ചെലവ് ഈടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നിയമസഭാ മണ്ഡലങ്ങള്‍ക്ക് അഞ്ചുലക്ഷവും ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് 10 ലക്ഷവും ഈടാക്കണമെന്നാണ് കമ്മീഷന്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിജെപി ഡല്‍ഹി ഘടകം വക്താവ് അശ്വിനികുമാര്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജിയിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് അറിയിച്ചത്. കേസ് പരിഗണിക്കവെ കഴിഞ്ഞ ഡിസംബറില്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന് കോടതി നോട്ടീസയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കമ്മീഷന്റെ നിലപാട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ചത്.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലെ വാരണാസിയിലും ഗുജറാത്തിലെ വഡോദരയിലും മല്‍സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ചതിനെത്തുടര്‍ന്ന് വഡോദര മണ്ഡലത്തിലെ എംപി സ്ഥാനം രാജിവച്ചിരുന്നു. ഹരജി ജൂലൈ ആദ്യവാരം വീണ്ടും പരിഗണിക്കും.

RELATED STORIES

Share it
Top