കേന്ദ്രത്തിനും യുപി സര്‍ക്കാരിനും സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനംതാജ്മഹല്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ പൊളിച്ചുനീക്കുക

ന്യൂഡല്‍ഹി: ചരിത്രസ്മാരകമായ താജ്മഹലിന്റെ പരിപാലനത്തില്‍ വീഴ്ച വരുത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിനും യുപി സംസ്ഥാന സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി. താജ്മഹല്‍ സംരക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍  പൊളിച്ചുനീക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. താജ്മഹല്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. അത് അടച്ചിടാന്‍ ഞങ്ങള്‍ ഉത്തരവിടും. അല്ലെങ്കില്‍ നിങ്ങള്‍ അതു തകര്‍ക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യുക- ജസ്റ്റിസ് എം ബി ലോകുര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ഹരിത ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പറഞ്ഞു. താജ്മഹലിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകനായ എം സി മെഹ്ത സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പ്രതികരണം.
പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ മനോഹരമാണ് ആഗ്രയിലെ താജ്മഹലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഈഫല്‍ ടവര്‍ കാണാന്‍ എട്ടു കോടി പേരാണ് വര്‍ഷംതോറും എത്തുന്നത്. താജ്മഹല്‍ സംരക്ഷിക്കാത്തതിനാല്‍ വിദേശത്തുനിന്നുള്ള വരുമാനത്തിന്റെ വരവാണ് അധികൃതര്‍ തടഞ്ഞിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
താജ്മഹല്‍ സംരക്ഷിക്കാനുള്ള പദ്ധതിരേഖ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ തയ്യാറാക്കിയിട്ടില്ല. സുപ്രിംകോടതി മൊറട്ടോറിയമുണ്ടായിട്ടും താജിനു ചുറ്റുമുള്ള സംരക്ഷിത മേഖലയില്‍ പുതിയ വ്യവസായശാലകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുന്നത് തുടരുകയാണ്. താജിനെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നു സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഈമാസം 31 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും ഹരിത ബെഞ്ച് തീരുമാനിച്ചു. ചരിത്രസ്മാരകത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രം ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ഐഐടി കാണ്‍പൂര്‍ പഠനം നടത്തുകയാണെന്നും നാലു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍  അറിയിച്ചു. ഒരു പ്രത്യേക സമിതിയും ഇതുസംബന്ധിച്ച പഠനം നടത്തുന്നുണ്ട്.
താജ്മഹല്‍ മേഖലാ (താജ് ട്രപീസിയം സോണ്‍) സംരക്ഷണ സമിതിയുടെ നേതൃചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ 31ന് മുമ്പ് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

RELATED STORIES

Share it
Top