കേന്ദ്രം തിരഞ്ഞെടുപ്പില്‍ ഏകാധിപത്യം കാണിക്കുന്നുവെന്ന് ഡിഎംകെ

ചെന്നൈ: കേന്ദ്രം തിരഞ്ഞെടുപ്പില്‍ ഏകാധിപത്യം കാണിക്കുകയാണെന്നും ബിജെപിയുടെ കാവിവല്‍ക്കരണ നയങ്ങളെ പരാജയപ്പെടുത്തുമെന്നും ഡിഎംകെ. പാര്‍ട്ടി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിനാണ് ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എന്തു വിലകൊടുക്കാനും തയ്യാറാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ആഗസ്ത് 28ന് പാര്‍ട്ടി അധ്യക്ഷനായതിനു ശേഷമുള്ള സ്റ്റാലിന്റെ ആദ്യ പാര്‍ട്ടി യോഗമാണ് ശനിയാഴ്ച നടന്നത്. നോട്ടു നിരോധനം മുതല്‍ റാഫേല്‍ കരാര്‍, നീറ്റ് വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി. തമിഴ്‌നാടിന്റെ താല്‍പര്യങ്ങളെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരും ബിജെപിയെ എതിര്‍ക്കുന്നവരും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ബിജെപിയുടെ കാവിവല്‍ക്കരണ സ്വപ്‌നങ്ങളെ തള്ളിക്കളയുമെന്ന പ്രമേയമാണു യോഗത്തില്‍ അംഗീകരിച്ചത്.

RELATED STORIES

Share it
Top