കേദാര്‍നാഥ് പ്രളയം: നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

ഡെറാഡൂണ്‍: കേദാര്‍നാഥിലും സമീപ പ്രദേശങ്ങളിലുമുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം ദുരന്തത്തില്‍ ഇരകളായവരുടെ നിരവധി അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. മൂന്നു ദിവസത്തെ തിരച്ചിലിന് ശേഷമാണ് ഇവ കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. നാലു തലയോട്ടികള്‍ ഉള്‍പ്പെടെ 21 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതായി എഡിജിപി അശോക് കുമാര്‍ പറഞ്ഞു.
എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ അഞ്ച് ടീമായി തിരിഞ്ഞ് വ്യത്യസ്ത പ്രദേശങ്ങളിലാണു തിരച്ചില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംഘാംഗങ്ങള്‍ ഡിഎന്‍എ സാംപിളുകള്‍ ശേഖരിച്ചു. ക്ഷേത്രത്തിലേക്കുള്ള ട്രക്കിങ് പ്രദേശമായ റംബാര, ട്രിജുഗിന്‍നാരായണ പ്രദേശങ്ങളില്‍ നിന്നാണു കൂടുതല്‍ അസ്ഥികൂടങ്ങളും ലഭിച്ചത്. കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ പ്രധാന ഇടത്താവളമായിട്ടാണ് റംബാര ഉപയോഗിക്കുന്നത്.
പ്രളയമുണ്ടായ സമയത്ത് ഇവിടെയുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ ഒലിച്ചുപോയതാവാമെന്നും പോലിസ് പറയുന്നു. 2016ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണു പോലിസ് തിരച്ചില്‍ നടത്തിയത്.
പ്രളയബാധിത പ്രദേശങ്ങളില്‍ മരിച്ചവരുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാനിടയുള്ളതിനാല്‍ തിരച്ചില്‍ നടത്തണമെന്ന് 2016ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് പോലിസ് ഈ മാസം 12ന് തിരച്ചില്‍ ആരംഭിച്ചത്. പ്രളയത്തിന് ശേഷം 3500ഓളം ആളുകളെ കാണാതായിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രളയത്തിനു ശേഷം 450 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

RELATED STORIES

Share it
Top