കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു

മുക്കം: കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് വീടുകള്‍ക്ക് സാരമായി കേടുപാടുകള്‍ പറ്റിയ സ്ഥലം ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖും കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിച്ചു.
മുക്കം നഗരസഭയിലെ മാമ്പറ്റ പുതുക്കംപുറത്ത് സത്യന്റെയും, സഹോദരനും അയല്‍വാസിയുമായ പ്രേമന്റെയും വീടുകളാണ് സന്ദര്‍ശിച്ചത്. സത്യന്റെ വീടിന്റെ സണ്‍ ഷെയ്ഡും ചുമരും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സഹോദരന്‍ പ്രേമന്റെ ചുമരിനാണ് കേടുപാട് സംഭവിച്ചത്. പാറ പൊട്ടിച്ചതിന്റെ ആഘാതത്തില്‍ കിണറിന്റെ താഴ്ഭാഗവും ഇടിഞ്ഞിട്ടുണ്ട്.
ഭരണാധികാരികളുടെയും ഗെയിലിന്റെയും ധിക്കാരമാണ് ഇവിടെ കാണുന്നതെന്നും സമരസമിതിയെയും വിവിധ രാഷ്ടീയ പാര്‍ട്ടികളേയും ഒരുമിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സത്യന്റെ വീടിന് തൊട്ടു മുന്നിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നു പോകുന്നത്.
ലൈന്‍ സ്ഥാപിക്കുന്നതിനായി ഒരു മാസം മുമ്പ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തിരുന്നു. കുഴിയെടുക്കുന്നതിനിടെ ചെങ്കല്‍ പാളികള്‍ കണ്ടതോടെ ഗെയില്‍ അധികൃതര്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ബ്രേക്കര്‍ കൊണ്ടുവന്ന് കുഴിയെടുക്കുകയായിരുന്നു.
ബ്രേക്കര്‍ കൊണ്ടുവന്ന് പാറ പൊട്ടിക്കുന്ന വിവരം അറിയിച്ചില്ലെന്നും സംഭവം ഗെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
അതേസമയം ബ്രേക്കര്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചതിനെ തുടര്‍ന്നല്ല വീടിന് കേടുപാട് പറ്റിയതെന്ന നിലപാടിലാണ് അധികൃതര്‍.
രണ്ട് വര്‍ഷം മുമ്പാണ് ഇരുവരുടെ വീട് പണി ആരംഭിച്ചത്. അതു കൊണ്ട് തന്നെ വീടിന്റെ കാലപ്പഴക്കമല്ല കേടുപാടിന് കാരണമെന്ന കാര്യം ഉറപ്പാണ്. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ടി അഷ്‌റഫ്, കൊറ്റങ്ങല്‍ സുരേഷ് ബാബു, കെ ടി മന്‍സൂര്‍, റഷീഫ് കണിയാത്ത് തുടങ്ങിയവരും ടി സിദ്ദീഖിനൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top