കേജ്‌രിവാളിനെ കാണാന്‍ പിണറായി അടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചു


ന്യൂഡല്‍ഹി : ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണമടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ എഎപി മന്ത്രിസഭാംഗങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ തുടര്‍ന്നുവരുന്ന കുത്തിയിരിപ്പ് സമരത്തിനിടെ മുഖ്യമന്ത്രി കേജരിവാളിനെ കാണാന്‍ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,  കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവര്‍ക്ക്  ലഫ്.ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് നാലു മുഖ്യമന്ത്രിമാര്‍ കേജ്‌രിവാളിന്റെ വസതി സന്ദര്‍ശിച്ചു. ലഫ്. ഗവര്‍ണറുടെ വസതിയില്‍ സമരം ചെയ്യുന്ന കേജ്‌രിവാളിന് പിന്തുണ അറിയിച്ചാണ് സന്ദര്‍ശനം.
ആദ്യം മമത ബാനര്‍ജിക്കാണ് സന്ദര്‍ശനാനുമതി നിഷേധിച്ചത്. തുടര്‍ന്ന് ലഫ്. ഗവര്‍ണറുടെ ഓഫീസും വസതിയുമായ രാജ് നിവാസിലേക്കത്തെിയ ചന്ദ്രബാബു നായിഡുവിനെയും അധികൃതര്‍ തടയുകയായിരുന്നു. ഇതിനു പിറകേ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ന്നിവരും രാജ് നിവാസിലേക്ക് തിരിക്കുകയായിരുന്നു. നാളെ നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രിമാര്‍.
അനുമതി നിഷേധിച്ച സംഭവം തീര്‍ത്തും അസാധാരണമാണെന്നും പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും കേജരിവാള്‍ പ്രതികരിച്ചു. ഗവര്‍ണര്‍ തനിയെ ഇത്തരമൊരു തീരുമാനമെടുക്കില്ലെന്നുമ കേജരിവാള്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസാണ് അനുമതി നിഷേധിക്കാന്‍ നിര്‍ദേശിച്ചത്. ഐഎഎസ് സമരം എപ്രകാരമാണോ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരം നടപ്പാക്കിയത് അതുപോലെത്തന്നെയാണ് മമത ബാനര്‍ജിക്കു സന്ദര്‍ശനാനുമതി നിഷേധിച്ചതെന്നും കേജരിവാള്‍ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രിയെ കാണുന്നതില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എങ്ങനെ പ്രധാനമന്ത്രിക്കു തടയാനാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. രാജ്യത്ത് അടിയന്തരാവസ്ഥയാണോയെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top