കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍

കോഴിക്കോട്: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ലോങ് മാര്‍ച്ചില്‍ പങ്കെടുത്തത് മാവോവാദികളും വിധ്വംസക ശക്തികളുമാണെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്കിലൂടെയാണ് സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം. നടന്നു നടന്ന് കാലും മനസ്സും തേഞ്ഞ പാവം മനുഷ്യരെയാണ് അവര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നതെന്ന് പറയുന്ന സനല്‍കുമാര്‍ നാണമില്ലാത്തവരേ, ഇവരാണ് ഇന്ത്യയുടെ അവകാശികളെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. പാകിസ്താനെതിരേ വാങ്ങിക്കൂട്ടിയ പടക്കോപ്പുകള്‍ സ്വന്തം ജനതയ്‌ക്കെതിരേ തിരിച്ചുപിടിക്കാനുള്ള ആഹ്വാനങ്ങളാണ് ബിജെപി നേതാക്കന്‍മാര്‍ നടത്തുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ലോങ് മാര്‍ച്ചിലൂടെ വലിയൊരു കലാപവും വെടിവയ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പുമായിരുന്നു ലക്ഷ്യമിട്ടതെന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സമരംചെയ്യുന്ന എല്ലാ ആളുകളെയും  മാവോവാദികളോ വിധ്വംസക ശക്തികളോ ആയി മുന്‍കൂര്‍ പ്രഖ്യാപിച്ചിരിക്കുന്നെന്നു പറഞ്ഞ് സുരേന്ദ്രനെ കളിയാക്കിയാണ് സനല്‍കുമാറിന്റെ പോസ്റ്റ്് ആരംഭിക്കുന്നത്. ഇന്ത്യയുടെ അവകാശികളെ നിങ്ങള്‍ കണ്ടിട്ടില്ല. നിങ്ങളുടെ കണ്ണില്‍ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോള്‍ എങ്ങനെ കാണും? നിങ്ങളിപ്പോള്‍ കാണുന്നത് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗം സ്വപ്‌നം കാണാന്‍ തുടങ്ങിയതിന്റെ ചലനമാണ്. സമരങ്ങളെയൊക്കെ വിധ്വംസക പ്രവര്‍ത്തനമാക്കുന്ന കളിക്കു പിന്നില്‍ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഭീഷണി ഒളിച്ചിരിക്കുന്നില്ലേ എന്നാണ് സംശയം എന്ന വാക്കുകളോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

RELATED STORIES

Share it
Top