കെ സുധാകരന്റെ നിരാഹാരം പിന്‍വലിക്കാന്‍ സാധ്യത

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ കണ്ണൂര്‍ കലക്്ടറേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം പിന്‍വലിക്കാന്‍ സാധ്യത. അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടെങ്കിലും സിബിഐ അന്വേഷണത്തോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നതോടെ സമരത്തിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇന്നലെ ചേര്‍ന്ന ഡിസിസി നേതൃയോഗം പുതിയ സമരപ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല. മാത്രമല്ല, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനനുസരിച്ച് സമരം മുന്നോട്ടുകൊണ്ടുപോവാമെന്ന ധാരണയിലെത്തുകയും ചെയ്തു. ദിവസങ്ങള്‍
പിന്നിടുന്തോറും സുധാകരന്റെ ആരോഗ്യനില മോശമാവുന്നത് പാര്‍ട്ടിയെയും പോലിസിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്്. അറസ്റ്റ് ചെയ്തു നീക്കുന്നത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ജില്ലാ ഭരണകൂടവും പ്രതിസന്ധിയിലാണ്. സുധാകരന്റെ സമരം സര്‍ക്കാരില്‍ വന്‍തോതിലുള്ള ജനകീയ സമ്മര്‍ദമായി മാറ്റാന്‍ സാധിച്ചെന്നു വിലയിരുത്തിയ ഡിസിസി നേതൃയോഗം ആദ്യഘട്ടത്തില്‍ പോലിസ് കാട്ടിയ അലംഭാവം സിപിഎം സമ്മര്‍ദവും അതിജീവിക്കാനായത് നേട്ടമായാണു കാണുന്നത്. സഹനസമരം കാരണം പോലിസ് പ്രതികളെ പിടികൂടുന്നതിനുള്ള ഇടപെടല്‍ നടത്തേണ്ടതായി വന്നു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തിലും യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, നേതൃത്വം നടത്തിയ ഉപവാസവും തുടര്‍ന്ന് കെ സുധാകരന്‍ നടത്തിയ അനിശ്ചിതകാല നിരാഹാര സമരവും കാരണമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സാഹചര്യമുണ്ടായതെന്ന് യോഗം വിലയിരുത്തി.
സിപിഎം നിര്‍ദേശിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് തീരുമാനിച്ചതെങ്കിലും സമരം ശക്തമാക്കിയതിനെ തുടര്‍ന്ന് പോലിസിന് ഭരണത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രതികളെ തീരുമാനിക്കുന്നത് ഒഴിവാക്കേണ്ടി വന്നു. അതിനാലാണ് കൊലയ്ക്കു നേതൃത്വം കൊടുത്ത രണ്ട് പ്രതികളെയുപം കൂട്ടുനിന്ന മൂന്നുപേരെയും അറസ്റ്റ് ചെയ്തതും. സുധാകരന്‍ ആരംഭിച്ച സമരം സംസ്ഥാനദേശീയ തലത്തില്‍ ഉയര്‍ന്നു അക്രമ രാഷ്ട്രീയത്തിനെതിരേ ജനസമൂഹം ഉണരാന്‍ ഇടയാക്കിയതായും ജിഎസ്ടിയു ഹാളില്‍ നടന്ന യോഗം വിലയിരുത്തി.
ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍, അഡ്വ. സജീവ് ജോസഫ്, എം പി ഉണ്ണികൃഷ്ണന്‍, കെ ടി കുഞ്ഞഹമ്മദ്, പ്രഫ. എ ഡി മുസ്തഫ, എം പി മുരളി, മമ്പറം ദിവാകരന്‍, കെ സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു.

RELATED STORIES

Share it
Top