കെ സുധാകരനെതിരേ മുന്‍ ഡ്രൈവര്‍ ഉപവാസം തുടങ്ങി

കണ്ണൂര്‍: കെ സുധാകരന്റെ അതിക്രമങ്ങള്‍ക്കെതിരേ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ നെഹ്‌റു പ്രതിമയ്ക്കു മുന്നില്‍ 48 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന പേരിലാണ് ഉപവാസം.
സുധാകരന്‍ നടത്തിയ സമരം ഹൈടെക് സമരമാണെന്നും ശുഹൈബിന്റെ പേരില്‍ മുതലെടുപ്പു നടത്തി ചെറുപ്പക്കാരെ അക്രമത്തിനു പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ പി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടന്നതിനു താന്‍ സാക്ഷിയാണ്.തന്റെ മുന്നില്‍ വച്ചാണു സുധാകരന്‍ ഗൂഢാലോചന നടത്തിയത്. ജനതാ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന കൊളച്ചേരിയിലെ ബാലകൃഷ്ണന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരനു മുന്നിലെത്തിയപ്പോള്‍ ഇരുകൈകളിലും ബോംബെടുത്ത് കൊടുത്തയാളാണു സുധാകരന്‍.സജിത്ത്‌ലാലിനെ വെറുതെ കൊലയ്ക്കുകൊടുത്തതാണെന്നും പ്രശാന്ത് ബാബു ആരോപിച്ചു. 1987 മുതല്‍ 1994 വരെ കെ സുധാകരന്റെ ഡ്രൈവറായിരുന്ന ഇദ്ദേഹം കണ്ണൂര്‍ തെക്കീബസാര്‍ സ്വദേശിയാണ്. നേരത്തെ കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായിരുന്ന പ്രശാന്ത് ബാബുവിന് കോര്‍പറേഷന്‍ രൂപീകരിക്കുന്നതിനു തൊട്ടുമുമ്പുണ്ടായിരുന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് വിമതനായി മല്‍സരിച്ച പ്രശാന്ത് ബാബുവിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

RELATED STORIES

Share it
Top